
കുവൈത്ത് സിറ്റി: അതിർത്തി കടക്കാനുള്ള ഒരു കുറ്റവാളിയുടെ പരാജയപ്പെട്ട ശ്രമം കുവൈത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിൽ ഒന്ന് വെളിച്ചത്തുകൊണ്ടുവന്നു. 133 പേർ നിയമവിരുദ്ധമായി പൗരത്വം നേടിയെടുത്ത വൻ റാക്കറ്റാണ് ഒറ്റ രാത്രികൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തിരിക്കുന്നത്.
ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഒരു വ്യക്തി നുവൈസീബ് അതിർത്തി വഴി രാജ്യം വിടാൻ ശ്രമിച്ചതാണ് എല്ലാറ്റിനും തുടക്കമായത്. പരിശോധനയ്ക്കിടെ ഇയാളുടെ രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബയോമെട്രിക് വിരലടയാള പരിശോധന നടത്തിയതോടെ പേരും വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാളുടെ പിതാവ് മറ്റൊരു കുടുംബപ്പേരിൽ വ്യാജരേഖ ചമച്ചാണ് കുവൈത്ത് പൗരത്വം നേടിയതെന്ന് വ്യക്തമായി. വിവരം പുറത്തായതറിഞ്ഞ് പുലർച്ചെ രണ്ട് മണിയോടെ രാജ്യം വിടാൻ ശ്രമിച്ച ഇയാളുടെ പിതാവിനെയും സുരക്ഷാ സേന അതിർത്തിയിൽ വെച്ച് പിടികൂടി. താൻ യഥാർത്ഥത്തിൽ കുവൈത്ത് പൗരനല്ലെന്നും മറ്റൊരു വ്യക്തിയുടെ പിതൃത്വത്തിൽ വ്യാജമായി പൗരത്വം സംഘടിപ്പിച്ചതാണെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
പിതാവ് എന്ന് അവകാശപ്പെട്ട വ്യക്തിയുടെ യഥാർത്ഥ മക്കളെ വിളിച്ചുവരുത്തി നടത്തിയ ഡിഎൻഎ പരിശോധനയിൽ പ്രതികൾക്ക് ഈ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. ഇതോടെ ഈ വ്യാജ ഫയലിൽ ഉൾപ്പെട്ട മറ്റൊരു സഹോദരനെയും അൽ-സാൽമി അതിർത്തിയിൽ വെച്ച് പോലീസ് പിടികൂടി. പിടിക്കപ്പെട്ട മൂന്ന് പേരിൽ നിന്നായി പടർന്നു പന്തലിച്ച വലിയൊരു തട്ടിപ്പ് ശൃംഖലയാണ് പിന്നീട് പുറത്തുവന്നത്. ഒന്നാമത്തെ പ്രതിയുമായി ബന്ധപ്പെട്ട് എഴുപത്തിയൊൻപത് പേരും രണ്ടാമത്തെ വ്യാജ സഹോദരനുമായി ബന്ധപ്പെട്ട് അൻപത്തിനാല് പേരും കുവൈത്ത് പൗരത്വം കൈക്കലാക്കിയതായി കണ്ടെത്തി.
ആകെ 133 പേരുടെ പൗരത്വമാണ് ഇതോടെ റദ്ദാക്കൽ നടപടി നേരിടുന്നത്. വ്യാജ ഡിഎൻഎ തെളിവുകൾ, കുറ്റസമ്മത മൊഴികൾ, പിടിച്ചെടുത്ത വിദേശ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അതിശക്തമായ നിയമനടപടികളാണ് ഇവർക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്നത്. വെറും മണിക്കൂറുകൾക്കുള്ളിൽ അതിർത്തിയിൽ തുടങ്ങിയ ഈ ഓപ്പറേഷൻ കുവൈത്തിന്റെ സുരക്ഷാ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL