Posted By Editor Editor Posted On

മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ മരിച്ചത് 27 പേര്‍; ജാഗ്രത നിർദേശം

സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് – എ. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 591 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. തിങ്കളാഴ്ച മാത്രം 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . 70 പേര്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ആറുമാസത്തിനിടെ 1977 പേര്‍ക്ക് രോഗം കണ്ടെത്തി. 5536 പേര്‍ രോഗം സംശയിച്ച് ചികില്‍സ തേടി. 12 മരണം മഞ്ഞപ്പിത്തം കാരണമെന്ന് സ്ഥിരീകരിച്ചപ്പോള്‍ മറ്റ് 15 പേരുടെ മരണവും ഇതേ രോഗം കാരണമെന്നാണ് സംശയം.
മലിനമായ വെളളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് കരളിനെ ബാധിക്കുന്ന രോഗാണു പകരുന്നത്. കണ്ണിലെ മഞ്ഞ നിറം, ക്ഷീണം , പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ ലക്ഷണങ്ങളാണ്. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക, തുറസായ സ്ഥലങ്ങളില്‍ വിസര്‍ജനം ഒഴിവാക്കുക, കിണര്‍വെളളം ക്‌ളോറിനേറ്റ് ചെയ്യുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. 6 മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്താലും രോഗത്തെ പ്രതിരോധിക്കാം.
അനുബന്ധ രോഗങ്ങള്‍ ഉളളവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും സ്വയം ചികില്‍സ പാടില്ലെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രോഗബാധിതര്‍ കൂടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *