35 മിനിറ്റിന്റെ റോഡ് യാത്രയ്ക്ക് ഇനി 10 മിനിറ്റിൽ താഴെ മതി; ദുബായ് എയർ ടാക്സി ടെർമിനലിന് നിർണായക അനുമതി

Dubai air taxi;  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായ് മറീനയിലേക്ക് റോഡ് മാർഗം 35 മിനിറ്റെടുക്കുന്ന യാത്ര ഇനി എയർ ടാക്സിയിൽ 10 മിനിറ്റിൽ താഴെ സമയം കൊണ്ട് പൂർത്തിയാക്കാം. ദുബായ് മറീന വെർട്ടിപോർട്ടിന്റെ നിർമാണവും സുരക്ഷാ അനുമതിയും പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറും ബുധനാഴ്ച അറിയിച്ചു. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ലോകത്തിലെ ആദ്യത്തെ സ്ഥിരം വെർട്ടിപോർട്ട്-ടു-വെർട്ടിപോർട്ട് ഇലക്ട്രിക് എയർ ടാക്സി പാതയ്ക്കാണ് വഴിയൊരുങ്ങിയത്. വിമാനത്താവളത്തിലെ വിഡിഎക്സ് വെർട്ടിപോർട്ടിൽ നിന്ന് മറീനയിലേക്ക് അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷനാണ് സർവീസ് നടത്തുക. മണിക്കൂറിൽ ഏകദേശം 322 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ള ഇവ കുറഞ്ഞ ശബ്ദവും മലിനീകരണരഹിതവുമായ ഇലക്ട്രിക് വാഹനങ്ങളാണ്. അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ദുബായ്ക്ക് സമീപവും അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തുമാണ് മറീന വെർട്ടിപോർട്ട്. യാത്രാ ടെർമിനൽ, ചാർജിങ് സൗകര്യം, പ്രത്യേക പാർക്കിങ് ഏരിയ എന്നിവയുള്ള ഇവിടെ പ്രതിവർഷം 21,000 ലാൻഡിങ്ങുകളും 84,000 യാത്രക്കാരെയും ഉൾക്കൊള്ളാനാകും. ഡൗൺടൗൺ ദുബായ്, പാം ജുമൈറ എന്നിവിടങ്ങളിൽ രണ്ട് വെർട്ടിപോർട്ടുകൾ കൂടി നിർമാണത്തിലാണ്. ഇവ പൂർത്തിയാകുന്നതോടെ നാല് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യഘട്ട എയർ ടാക്സി ശൃംഖല നിലവിൽ വരും. ജോബി ഏവിയേഷന്റെ എയർ ടാക്സി നിലവിൽ യുഎസ് എഫ്എഎ സർട്ടിഫിക്കേഷന്റെ അവസാന ഘട്ടത്തിലാണ്. 2025 ജൂൺ മുതൽ ദുബായിൽ പരീക്ഷണപ്പറക്കലുകൾ നടത്തുന്ന കമ്പനി, നവംബറിൽ മർഗമിൽ നിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്ക് ആദ്യ പോയിന്റ്-ടു-പോയിന്റ് പറക്കലും പൂർത്തിയാക്കിയിരുന്നു. വാണിജ്യ സർവീസ് തുടങ്ങുന്ന തീയതിയോ ടിക്കറ്റ് നിരക്കുകളോ ആർടിഎയും സ്കൈപോർട്ട്സും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല; യുഎഇ റെഗുലേറ്ററി അനുമതികൾക്ക് ശേഷമാകും സർവീസ് ആരംഭിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *