ഗൂഗിൾ റിവ്യൂയിൽ പരാതി വന്നാൽ കാര്യമാകും; ദുബായിൽ റസ്റ്ററന്റുകൾക്ക് ഇനി ‘എഐ’ പരിശോധന!

ദുബായിലെ റസ്റ്ററന്റുകളിലെ ഭക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും നിലവാരം ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. ഇനി ഉപഭോക്താക്കൾ ഗൂഗിളിൽ പങ്കുവയ്ക്കുന്ന റിവ്യൂകളും റേറ്റിങ്ങുകളും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിരീക്ഷിക്കും.

ഭക്ഷ്യവിഷബാധ, ശുചിത്വക്കുറവ്, കീടങ്ങളുടെ സാന്നിധ്യം, ഭക്ഷണം തയ്യാറാക്കുന്നതിലെ വീഴ്ചകൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ AI സംവിധാനം തിരിച്ചറിയും. റിവ്യൂകളിൽ സമാനമായ പരാതികൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അപകടസാധ്യത വിലയിരുത്താനും പരിശോധനയ്ക്ക് മുൻഗണന നിശ്ചയിക്കാനും ഇതിലൂടെ അധികൃതർക്ക് സാധിക്കും. 

പരാതികൾ ലഭിച്ചശേഷം മാത്രം നടപടി സ്വീകരിക്കുന്ന നിലവിലെ രീതിയിൽനിന്ന് കൂടുതൽ മുൻകരുതൽ സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യം. അപകടസാധ്യത കൂടുതലുള്ള റസ്റ്ററന്റുകളിൽ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

‘intelSPECT’ എന്ന പേരിലുള്ള AI സംവിധാനമാണ് ഉപഭോക്തൃ പ്രതികരണങ്ങൾ വിശകലനം ചെയ്യുന്നത്. റിവ്യൂകൾ മാത്രം അടിസ്ഥാനമാക്കി ഒരു സ്ഥാപനത്തിനെതിരെ നടപടി എടുക്കുകയല്ല, മറിച്ച് കൂടുതൽ പരിശോധന ആവശ്യമുള്ള സ്ഥലങ്ങൾ കണ്ടെത്താനുള്ള സൂചനകളായാണ് ഇവയെ കണക്കാക്കുന്നത്.  റസ്റ്ററന്റുകളിൽ ക്യാമറകൾ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധനയ്ക്ക് മുമ്പുതന്നെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതികളും ദുബായ് മുനിസിപ്പാലിറ്റി പരിഗണിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *