14 വർഷത്തെ ഇടവേളയ്ക്ക് ശേഷം… ടാക്കോ ബെൽ വീണ്ടും യുഎഇയിൽ തിരിച്ചെത്തുന്നു!

മെക്സിക്കൻ ഫാസ്റ്റ് ഫുഡ് രുചികളിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ ടാക്കോ ബെൽ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎഇ വിപണിയിലേക്ക് തിരിച്ചെത്തുന്നു. പ്രമുഖ ഭക്ഷണശൃംഖലയായ അമേരിക്കാന റെസ്റ്റോറന്റ്‌സും ടാക്കോ ബെൽ യുകെ ആൻഡ് യൂറോപ്പും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ബ്രാൻഡിന്റെ യുഎഇയിലേക്കുള്ള മടങ്ങിവരവ്. യുഎഇയിൽ നിന്ന് പ്രവർത്തനം ആരംഭിച്ച് ഘട്ടംഘട്ടമായി മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ടാക്കോ ബെല്ലിന്റെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. ദുബായ് ഉൾപ്പെടെ യുഎഇയിൽ നിരവധി ഔട്ട്‌ലെറ്റുകൾ പ്രവർത്തിച്ചിരുന്ന ടാക്കോ ബെൽ 2012ലാണ് വിപണിയിൽ നിന്ന് പിന്മാറിയത്.

ഇതിനുശേഷം മെക്സിക്കൻ രുചികൾക്ക് യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ലഭിച്ച വർധിച്ച സ്വീകാര്യതയാണ് ബ്രാൻഡിനെ വീണ്ടും രാജ്യത്തെത്തിക്കാൻ അമേരിക്കാന റെസ്റ്റോറന്റ്‌സിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

“മികച്ച രുചിയും മൂല്യവും ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്ത ബ്രാൻഡാണ് ടാക്കോ ബെൽ,” അമേരിക്കാന റെസ്റ്റോറന്റ്‌സ് ബോർഡ് ചെയർമാൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു. പുതുമകളെ എപ്പോഴും സ്വീകരിക്കുന്ന ദുബായിൽ നിന്ന് ആരംഭിച്ച് ടാക്കോ ബെല്ലിന്റെ സാന്നിധ്യം യുഎഇയിലുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,000ത്തിലധികം റെസ്റ്റോറന്റുകളാണ് ടാക്കോ ബെല്ലിനുള്ളത്. യുഎഇയിലെ പുതിയ ഔട്ട്‌ലെറ്റുകളുടെ കൃത്യമായ സ്ഥലമോ പ്രവർത്തനം ആരംഭിക്കുന്ന തീയതിയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ആദ്യ ശാഖ ദുബായിൽ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ കെഎഫ്‌സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ ഫുഡ് ബ്രാൻഡുകൾ വിജയകരമായി നടത്തുന്ന അമേരിക്കാനയുടെ പിന്തുണയോടെയുള്ള ടാക്കോ ബെല്ലിന്റെ തിരിച്ചുവരവ് രാജ്യത്തെ ഫാസ്റ്റ് ഫുഡ് പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *