യാത്രാസമയം കുറയും, താഴെ മനോഹരമായ തടാകവും; മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാം; യുഎഇയിൽ പുതിയ പാലം തുറന്നു…

ഷാർജയിലെ മധ്യമേഖലയിലെ യാത്രാക്ലേശത്തിന് ആശ്വാസമേകുന്ന വൻ വികസന പദ്ധതിക്ക് തുടക്കമായി. ദൈദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പുതുതായി നിർമിച്ച പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ദൈദ് തടാകം–പാലം പദ്ധതിയുടെ ആദ്യഘട്ടമാണ് ഇതോടെ പൂർത്തിയായത്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം മുബാദറയും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. റോഡ് വികസനം, ജലസംഭരണം, ഹരിതവൽക്കരണം എന്നിവ ഒരുമിപ്പിച്ചുള്ള ഈ സംരംഭം മധ്യമേഖലയുടെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് മുബാദറ ചെയർമാൻ ഡോ. സലാ ബുത്തി അൽ മുഹൈരി വ്യക്തമാക്കി.

പാലത്തിന്റെ പ്രത്യേകതകൾ

ഒരു കിലോമീറ്റർ നീളത്തിൽ നിർമിച്ച പാലത്തിൽ 320 മീറ്റർ അടിപ്പാതയും ഉൾപ്പെടുന്നു. ഇരുദിശകളിലേക്കുമായി നാല് വരികളുള്ള പാതയിലൂടെ മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാം. ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഭാരവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. തൽ അൽ സഫറാൻ, തൈബ, ജബൽ ഒമർ, അൽ ഷരിയ തുടങ്ങിയ ജനവാസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാൽ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനും പുതിയ പാലം സഹായിക്കും.

തടാകവും വിനോദസൗകര്യങ്ങളും

പാലത്തിന് താഴെയായി 2.3 കിലോമീറ്റർ നീളത്തിലാണ് മനോഹരമായ തടാകം ഒരുക്കിയിരിക്കുന്നത്. ജലസംഭരണത്തിന് പുറമെ വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന നിരവധി സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പാർക്കുകൾ, കാൽനട-സൈക്കിൾ പാതകൾ, തുഴച്ചിൽ ഉൾപ്പെടെയുള്ള ജലകായിക വിനോദങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.മഴവെള്ളം നിയന്ത്രിക്കുന്നതിനായി 24 മീറ്റർ വീതിയുള്ള ജലകനാലും ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സഹായിക്കുന്ന മൂന്ന് സംഭരണ തടാകങ്ങളും നിർമിച്ചിട്ടുണ്ട്. ദൈദ് നഗരത്തിന്റെ പ്രവേശന കവാടത്തിൽ കൂടുതൽ ഹരിതമേഖലകൾ വികസിപ്പിക്കുന്നതിനൊപ്പം ഖോർഫക്കാൻ റോഡ് വരെ വ്യാപിക്കുന്ന വനവൽക്കരണ പദ്ധതിയും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *