നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

Sharjah Road Accident; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കേറ്ററിങ് കമ്പനി ജീവനക്കാർ സഞ്ചരിച്ച കാർ എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിനു സമീപം വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ കണ്ടിക്കുന്നുമ്മൽ രമീഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചുനങ്ങാട് മലപ്പുറം ലക്ഷംവീട് പാലത്തിങ്കൽ മുഹമ്മദ് ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. അവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കവെയാണ് രമീഷിന്റെ അപ്രതീക്ഷിത വിയോഗം. പ്രിയപ്പെട്ടവരെ കാണാൻ വെമ്പിയ രമീഷിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞത്. ചാത്തുക്കുട്ടി–കോമള ദമ്പതികളുടെ മകനാണ് രമീഷ്. ഭാര്യ: ദൃശ്യ (ചീക്കിലോട്). മക്കൾ: ജാൻവി, ഇഷ്‌വാനി. ഷെഫിയുള്ള–റഹ്മത്ത് ദമ്പതികളുടെ മകനാണ് ഷാരിഖ്. സഹോദരങ്ങൾ: മുഹമ്മദ് റാഷിക്ക്, റാഹില. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ പുരോഗമിക്കുന്നു. ഈ സംഭവം പ്രവാസലോകത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *