
റിയൽ എസ്റ്റേറ്റ് ബ്രോക്കർ കമ്പനിയുടെ തട്ടിപ്പിന് ഇരയായി ദുബായിൽ ജയിലിലായ മലയാളി യുവാവിന് ഒടുവിൽ നീതി. എറണാകുളം സ്വദേശിയും ദുബായിലെ പ്രമുഖ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ യുവാവിനെ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കി അപ്പീൽ കോടതി പൂർണമായി കുറ്റവിമുക്തനാക്കി. പിതാവിനൊപ്പം ഷാർജയിൽ സംയുക്ത ഉടമസ്ഥതയിലുള്ള വില്ല വാടകയ്ക്ക് നൽകുന്നതിനായി പരസ്യം ചെയ്യാൻ നൽകിയ രേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വില്ലയുടെ ഉടമസ്ഥാവകാശ രേഖയുടെ പകർപ്പ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കമ്പനിക്ക് നൽകിയിരുന്നെങ്കിലും വാടകത്തുക സ്വീകരിക്കാനോ വില്ല കൈമാറാനോ കമ്പനിക്ക് അനുമതി നൽകിയിരുന്നില്ല.
എന്നാൽ വില്ല വാടകയ്ക്കെടുക്കാൻ എത്തിയ യുവതിയോട് ഒരു വർഷത്തെ വാടകയായ 1.04 ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെട്ടു. വില്ലയുടമയുടെ സമ്മതമുണ്ടെന്ന് വിശ്വസിപ്പിക്കാൻ യുവാവിന്റെ ഇമെയിൽ വിലാസത്തിന് സമാനമായ വ്യാജ വിലാസത്തിൽനിന്ന് സന്ദേശവും അയച്ചു.
പണം കൈമാറി പത്തുദിവസം കഴിഞ്ഞിട്ടും വില്ലയുടെ കൈമാറ്റം നടക്കാതായതോടെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് വില്ലയുടമ ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി കേസെടുത്തു. എന്നാൽ കേസിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പർ യഥാർഥ ഉടമയുടേതായിരുന്നില്ല. ഇതോടെ പൊലീസിൽനിന്നും പ്രോസിക്യൂഷനിൽനിന്നും കോടതിയിൽനിന്നുമുള്ള അറിയിപ്പുകളൊന്നും യുവാവിന് ലഭിച്ചില്ല.
അതിനിടെ നാട്ടിലേക്ക് മടങ്ങാനായി ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കേസിൽ പ്രതിയാണെന്നും ഒരു വർഷത്തെ തടവിനും നാടുകടത്തലിനും കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും യുവാവ് അറിയുന്നത്. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മകന്റെ അറസ്റ്റിനെത്തുടർന്ന് പിതാവ് ‘ആയിഷ അൽദഹേരി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്സ്’ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ അപ്പീൽ നടപടികൾ ആരംഭിച്ചു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരായ യുവാവ് തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു.
വില്ലയുടെ ഉടമയാണെന്നതും പരസ്യം നൽകുന്നതിനായി ഉടമസ്ഥാവകാശ രേഖയുടെ പകർപ്പ് കൈമാറിയെന്നതും മാത്രം തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവാകില്ലെന്ന് പ്രതിഭാഗം വാദിച്ചു. തട്ടിപ്പുമായി യുവാവിനെ ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തി. വാദങ്ങൾ അംഗീകരിച്ച അപ്പീൽ കോടതി വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കി യുവാവിനെ പൂർണമായി കുറ്റവിമുക്തനാക്കുകയായിരുന്നു.