കാറുകൾ സുരക്ഷിത ഇടങ്ങളിലേക്ക്, സാധനങ്ങൾ ഉയർന്ന നിലകളിലേക്ക്; കനത്ത മഴ മുന്നറിയിപ്പിൽ യുഎഇ നിവാസികൾ ജാഗ്രതയിൽ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് ശക്തമായതോടെ മുൻകാല വെള്ളപ്പൊക്കങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികളുമായി താമസക്കാരും വ്യാപാര സ്ഥാപനങ്ങളും. വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റുകയും വാഹനങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിൽ പാർക്ക് ചെയ്യുകയും അവശ്യ സാധനങ്ങൾ നേരത്തെ തന്നെ സംഭരിക്കുകയും ചെയ്യുന്ന തിരക്കിലാണ് പലരും. കഴിഞ്ഞ വർഷങ്ങളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകൾക്കും വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് നേരിട്ടത്. 2024 ഫെബ്രുവരിയിൽ ഷാർജയിലെ കൽബയിലും 2022 ജൂലൈയിൽ ഫുജൈറയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലാകുകയും വ്യാപാര സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

2022ലെ വെള്ളപ്പൊക്കത്തിന്റെ ദുരനുഭവം ഇപ്പോഴും മറന്നിട്ടില്ലെന്ന് ഫുജൈറയിലെ ഷരീഫ് പയ്യാങ്ങാടി പറയുന്നു. അന്ന് ജോലി ചെയ്തിരുന്ന സ്പോർട്സ് ഷോപ്പിൽ വെള്ളം കയറി ആയിരക്കണക്കിന് ദിർഹത്തിന്റെ സാധനങ്ങൾ നശിച്ചിരുന്നു. ഇത്തവണ മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ കടയിലെ സാധനങ്ങൾ ഉയർന്ന ഷെൽഫുകളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ. കഴിഞ്ഞ മഴയിൽ കാർ വെള്ളത്തിൽ മുങ്ങി നശിച്ചതിനെ തുടർന്ന് ഏകദേശം 8,000 ദിർഹം അറ്റകുറ്റപ്പണിക്കായി ചെലവായ അനുഭവമുള്ള അമ്ര് ഒബൈദും ഇത്തവണ മുൻകരുതൽ സ്വീകരിക്കുകയാണ്. മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വാഹനം ഉയർന്ന പ്രദേശത്തേക്ക് മാറ്റി പാർക്ക് ചെയ്യാനാണ് തീരുമാനം.

കൽബ നിവാസിയായ ഹമീദ ഷെയ്ഖ് കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. മഴ ശക്തമായാൽ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടാകുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ. ഫുജൈറയിലെ സലൂൺ ജീവനക്കാരനായ സുലൈമാനും മഴ മുന്നറിയിപ്പിനെ തുടർന്ന് കട നേരത്തെ അടച്ച് ഉപകരണങ്ങളും സാധനങ്ങളും സുരക്ഷിതമായ ഉയർന്ന സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
മുൻ വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട സയ്യിദ് അലിയുടെ കുടുംബവും ഇത്തവണ ജാഗ്രതയിലാണ്. കാലാവസ്ഥ മോശമായാൽ വീടിനുള്ളിലെ സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം. ഫാംഹൗസിലെ നവീകരണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുക, വാദികളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലും പ്രവേശിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുന്നതിനായി കൈരളി കൾച്ചറൽ അസോസിയേഷന്റെ ഫുജൈറ–കൽബ യൂണിറ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും സജ്ജമാണ്. മുൻകാല നഷ്ടങ്ങളുടെ ഓർമയിൽ നിന്ന് പാഠമുൾക്കൊണ്ട്, മഴയ്ക്ക് മുമ്പേ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ നിരവധി കുടുംബങ്ങളും സ്ഥാപനങ്ങളും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *