UAE strong odour; യുഎഇയിൽ ദുർഗന്ധം മൂന്നാം ദിവസവും തുടരുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

UAE strong odour; യുഎഇയിലെ നാല് എമിറേറ്റുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസാധാരണമായ രൂക്ഷഗന്ധം അനുഭവപ്പെടുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇന്ധനത്തിന്റെയോ മണ്ണെണ്ണയുടെയോ ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് പലരും പറയുന്നു. ഗന്ധം കാരണം ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ, മറ്റുചിലർ തങ്ങളുടെ ദൈനംദിന ജീവിതചര്യകളിൽ മാറ്റം വരുത്താൻ നിർബന്ധിതരായി. ദുബായ് നിവാസിയായ സാറ തനിക്കും മകനും അലർജി പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി പറഞ്ഞു. “ആദ്യം ഞാൻ ഈ ഗന്ധം ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച മകനെ സ്കൂളിൽ നിന്ന് കൂട്ടി വീട്ടിലെത്തിയപ്പോൾ, പുറത്തെ വായു ശ്വസിച്ചതും ഞങ്ങൾ രണ്ടുപേരും തുമ്മാൻ തുടങ്ങി. ദിവസം മുഴുവൻ മൂക്കൊലിപ്പും കണ്ണിന് ചൊറിച്ചിലും ഉണ്ടായിരുന്നു. ചൊവ്വാഴ്ച ബർഷാ ഭാഗത്ത് പോയപ്പോഴും ഇതേ ഗന്ധം അനുഭവപ്പെട്ടു,” അവർ വ്യക്തമാക്കി. നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ ദുർഗന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു.

വിഷയത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും യുഎഇ അധികൃതർ അറിയിച്ചു. നടത്തിയ പരിശോധനകളിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും, ദുർഗന്ധം കുറയ്ക്കാനും അത് വേഗത്തിൽ ഇല്ലാതാക്കാനും തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെന്നും യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഭീഷണിയില്ലെന്നും ഷാർജ പോലീസും ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

രൂക്ഷമായ ഗന്ധം കാരണം പലരും തങ്ങളുടെ സാധാരണ ദിനചര്യകളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച തന്റെ വളർത്തുനായ്ക്കളെ പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് ഉമ്മുൽ ഖുവൈൻ നിവാസിയായ ലോയിസ് പറഞ്ഞു. വായയിൽ ലോഹത്തിന്റെ രുചി അനുഭവപ്പെട്ടു. ഞാൻ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ട് ദിവസം മുഴുവൻ ഉള്ളിൽ തന്നെ കഴിഞ്ഞു,അവർ പറഞ്ഞു. ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോരുന്നുണ്ടോ എന്ന് ഭയന്ന് തിങ്കളാഴ്ച തങ്ങൾ ഭക്ഷണം പാകം ചെയ്തില്ലെന്ന് ഷാർജ നിവാസിയായ ഖൗല പറഞ്ഞു. ഗന്ധം വളരെ ശക്തമായിരുന്നു. ഗ്യാസ് സിലിണ്ടർ പലതവണ പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. എങ്കിലും റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറായില്ല, പകരം പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ പരിശോധിച്ചപ്പോഴാണ് മറ്റുള്ളവർക്കും ഇതേ അനുഭവം ഉണ്ടായതെന്ന് മനസ്സിലായത്, അവർ കൂട്ടിച്ചേർത്തു. ശക്തമായ തലവേദനയെത്തുടർന്ന് ഡോക്ടറെ കാണേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. രണ്ട് ദിവസമായി ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് തനിക്ക് കടുത്ത മൈഗ്രേൻ ഉണ്ടായതായി ഉമ്മുൽ ഖുവൈൻ നിവാസിയായ മജീദ് പറഞ്ഞു. ഗന്ധം ഇപ്പോൾ അല്പം കുറഞ്ഞിട്ടുണ്ട്, എങ്കിലും പൂർണ്ണമായും മാറിയിട്ടില്ല. അധികൃതർ എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *