ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരുമോ?

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് ഗൾഫ് രാജ്യങ്ങളിലെ ഇന്ധനവിലയിലും ആശങ്ക വർധിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയിലെ എണ്ണശേഖരത്തിലുണ്ടായ കുറവുമാണ് ബുധനാഴ്ച രാവിലെ ആഗോള വിപണിയിൽ എണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.40 ഡോളറിനടുത്തെത്തിയപ്പോൾ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 99.16 ഡോളറിനടുത്താണ് വ്യാപാരം നടത്തിയത്. യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഒക്ടോബറിലെ ആദ്യ മൂന്നാഴ്ചകളിൽ എണ്ണവില സെപ്റ്റംബറിനെ അപേക്ഷിച്ച് ഉയർന്ന നിലയിൽ തുടർന്നു. ഇതിന്റെ പ്രതിഫലനമായി യുഎഇയിൽ ഒക്ടോബറിലെ പെട്രോൾ വില നാല് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലെത്തിയിരുന്നു.

ഒക്ടോബറിൽ യുഎഇയിലെ പ്രധാന ഇന്ധനങ്ങളുടെ വില ലിറ്ററിന് ഏകദേശം 0.60 ദിർഹം വർധിച്ചു. സൂപ്പർ 98 പെട്രോളിന് 4.40 ദിർഹമാണ് വില. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷ്യൽ 95-ന്റെ വില 3.69 ദിർഹത്തിൽനിന്ന് 4.28 ദിർഹമായും ഇ-പ്ലസ് 91-ന്റെ വില 3.61 ദിർഹത്തിൽനിന്ന് 4.21 ദിർഹമായും ഉയർന്നു. ബ്രെന്റ് ക്രൂഡിന്റെ ഡിസംബർ കരാറുകൾ ഒക്ടോബറിലെ ആദ്യ മൂന്നാഴ്ചകളിൽ ബാരലിന് ശരാശരി 104.70 ഡോളറിലാണ് വ്യാപാരം നടന്നത്. സെപ്റ്റംബറിലെ ശരാശരി വിലയായ 101.37 ഡോളറിനേക്കാൾ കൂടുതലാണിത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും മറ്റ് സാമ്പത്തിക ഘടകങ്ങളും വിലയിരുത്തിയാണ് യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഓരോ മാസവും പെട്രോൾ വില പുതുക്കുന്നത്. നവംബർ മാസത്തെ പുതുക്കിയ നിരക്കുകൾ ഒക്ടോബർ 31-ന് പ്രഖ്യാപിക്കാനാണ് തീരുമാനം. ആഗോള വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും അടുത്ത മാസത്തെ വില നിശ്ചയിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *