പണമുണ്ടെങ്കിൽ മെഡിക്കൽ ലീവ് റെഡി! വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ്; ദുബായിൽ ക്ലിനിക്ക് ജീവനക്കാരിക്കും കൂട്ടാളികൾക്കും തടവ് 

ദുബായിൽ പണം വാങ്ങി വ്യാജ മെഡിക്കൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയ കേസിൽ ക്ലിനിക്കിലെ ക്ലർക്കിനും കൂട്ടാളികൾക്കും തടവുശിക്ഷ വിധിച്ച് കോടതി. അർഹതയില്ലാത്ത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കാൻ മുൻകാല തീയതികളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ സംഭവത്തിലാണ് ദുബായ് ക്രിമിനൽ കോടതിയുടെ നടപടി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം വിദേശികളായ പ്രതികളെ നാടുകടത്താനും പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്കിടയിൽ പതിവായി സിക്ക് ലീവ് എടുക്കുന്ന പ്രവണത വർധിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. അവധിക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ ഒരേ ക്ലിനിക്കിന്റെ ഡിജിറ്റൽ സ്റ്റാമ്പുകൾ ആവർത്തിച്ച് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ എച്ച്.ആർ വിഭാഗം അന്വേഷണം നടത്തി. ക്രമക്കേട് സ്ഥിരീകരിച്ചതോടെ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് ക്ലിനിക്കിലെ ക്ലർക്ക് ചില സ്വകാര്യ മേഖലയിലെ ജീവനക്കാരുമായി ചേർന്ന് വൈദ്യപരിശോധന നടത്താതെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നതായി കണ്ടെത്തിയത്. ഓരോ സർട്ടിഫിക്കറ്റിനും നൂറുകണക്കിന് ദിർഹം മുതൽ 1,000 ദിർഹത്തിലധികം വരെ പ്രതികൾ ഈടാക്കിയിരുന്നു. ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ ദുരുപയോഗം ചെയ്ത് മുൻകാല തീയതികളിൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും ഡോക്ടർമാരുടെ ഡിജിറ്റൽ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ച് അവയ്ക്ക് ആധികാരികത നൽകുകയും ചെയ്തതായാണ് കേസ്.

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജീവനക്കാർ ശമ്പളത്തോടെയുള്ള അവധി നേടിയതോടെ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി. കോടതിയിൽ ഇത് കേവലം ഭരണപരമായ വീഴ്ചയാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഔദ്യോഗിക രേഖകളിൽ മനഃപൂർവം കൃത്രിമം കാണിച്ചതും ക്ലിനിക്കിന്റെ ഡിജിറ്റൽ സംവിധാനം ദുരുപയോഗം ചെയ്തതും ഗൗരവമുള്ള കുറ്റങ്ങളാണെന്ന് കോടതി വ്യക്തമാക്കി. രേഖാ കൃത്രിമം, വിശ്വാസവഞ്ചന, കോർപ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ പ്രതികൾ നേരിട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *