UAE Petrol Price: ഇന്ത്യയെ കടത്തിവെട്ടി യുഎഇയിൽ പെട്രോൾ വില ! ലിറ്ററിന് കടന്നത്…

UAE Petrol Price അബുദാബി: യുഎഇയിൽ ഒക്ടോബർ 1 മുതൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ പെട്രോൾ നിരക്ക് ഇന്ത്യയിലേതിനേക്കാൾ മുകളിലെത്തി. സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 4.40 ദിർഹമായി (ഏകദേശം 115 രൂപ) ഉയർന്നു. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 113.66 രൂപയായിരിക്കെ, യുഎഇയിൽ ലിറ്ററിന് 1.30 രൂപയോളം കൂടുതലാണിത്. 2022 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബർ മാസത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ലിറ്ററിന് 60 ഫിൽസിന്റെ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 (Super 98): 4.40 ദിർഹം (മുൻപ് 3.80 ദിർഹം), സ്പെഷൽ 95 (Special 95): 4.28 ദിർഹം, ഇ-പ്ലസ് 91 (E-Plus 91): 4.21 ദിർഹം, ഡീസൽ (Diesel): 4 ദിർഹത്തിന് മുകളിൽ എന്നിങ്ങനെയാണ് നിരക്കുകള്‍. വില വർദ്ധന നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ഫുൾ ടാങ്ക് ഇന്ധനം നിറച്ച് താൽക്കാലിക ആശ്വാസം കണ്ടെത്താൻ രാജ്യത്തെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ ഒരു മണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് പ്രവാസികൾക്കും സ്വദേശികൾക്കും ഇന്ധനം നിറയ്ക്കാനായത്. മധ്യപൂർവ്വദേശത്തെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും കാരണം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് നിലവിലെ വിലവർദ്ധനവിന് കാരണം. ദീർഘദൂരം യാത്ര ചെയ്യുന്ന പ്രവാസികളെയും കുടുംബങ്ങളെയും ഈ വിലവർദ്ധന നേരിട്ട് ബാധിക്കും. 60 ലിറ്റർ ശേഷിയുള്ള ഒരു കാർ ഫുൾ ടാങ്ക് അടിക്കുമ്പോൾ സെപ്റ്റംബറിനേക്കാൾ 36 ദിർഹം (ഏകദേശം 940 രൂപ) അധികമായി നൽകേണ്ടിവരും. സ്പെഷൽ 95 ഉപയോഗിക്കുന്നവർക്ക് 35.40 ദിർഹവും ഇ-പ്ലസ് 91 ഉപയോക്താക്കൾക്ക് 36 ദിർഹവുമാണ് അധികച്ചെലവ് വരിക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *