UAE road accident compensation; യുഎഇയിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് വൻ തുക നഷ്ടപരിഹാരം

UAE road accident compensation; അജ്മാനിലുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ദുബായ് കോടതിയിലെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 6,55,341 ദിർഹം (ഏകദേശം 1.5 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. മലയാളിയായ സുധീർ (38) എന്ന പ്രവാസിക്കാണ് ഈ തുക ലഭിച്ചത്. അപകടത്തെ തുടർന്ന് ഇടതുകാൽ നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന് ജോലിയിൽ തുടരാൻ സാധിക്കാത്ത അവസ്ഥയായി. രണ്ട് കുട്ടികളുടെ പിതാവായ സുധീർ കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അജ്മാനിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കമ്പനി വാഹനത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് സുധീറിന്റെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു. വാഹനം നിയന്ത്രണം വിട്ട് റോഡിലെ കാൽനടയാത്രക്കാരുടെ നടപ്പാതയിലേക്കും തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സുധീറിന്റെ ഇടതുകാൽ പൂർണ്ണമായും തകർന്നു.

തുടർന്ന് അദ്ദേഹത്തെ ദുബായ് ജബൽ അലിയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ഇടതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു.അപകടത്തെ തുടർന്ന്, ദുബായിലെ ‘ആയിഷ അൽദാഹിരി അഡ്വക്കേറ്റ്സ്’ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ മുഖേന ദുബായ് കോടതിയിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. ആരോഗ്യവാനായിരുന്ന യുവാവിന് സംഭവിച്ച ഗുരുതരമായ ശാരീരിക വൈകല്യം, ജോലി നഷ്ടപ്പെട്ടതിലൂടെ കുടുംബത്തിനുണ്ടായ വരുമാനമില്ലായ്മ, മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ചൂണ്ടിക്കാട്ടി 10 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. കേസ് ആദ്യം പരിഗണിച്ച കോടതി (Court of First Instance) സുധീറിന് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ ഈ വിധിയിൽ തൃപ്തരാകാതെ അഭിഭാഷകൻ അപ്പീൽ കോടതിയെ സമീപിക്കുകയും, തുടർന്ന് നഷ്ടപരിഹാരത്തുക 6 ലക്ഷം ദിർഹമായി കോടതി ഉയർത്തുകയുമായിരുന്നു.
കോടതിച്ചെലവുകൾ ഉൾപ്പെടെ മൊത്തം 6,55,341 ദിർഹം ഇൻഷുറൻസ് കമ്പനിയിൽനിന്ന് സുധീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം കൈമാറി.എങ്കിലും ലഭിച്ച തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് സുപ്രീം കോടതിയെ (Court of Cassation) സമീപിച്ചിട്ടുണ്ടെന്ന് അഡ്വ. ഷംസുദ്ദീൻ വ്യക്തമാക്കി. അപകടത്തിൽ സുധീറിന്റെ വലതുകാലിനും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ഇതിനായി അദ്ദേഹം ഇപ്പോഴും തുടർചികിത്സയിലാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *