14 വർഷം യുഎഇയിൽ; ‘ഞാൻ സുരക്ഷിതനാണ്’ എന്ന അവസാന സന്ദേശം…കൊല്ലപ്പെട്ട പ്രവാസിയുടെ കേസിൽ നിർണായക നീക്കം

ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി കർണാടക ഉഡുപ്പി സ്വദേശി അൽവിൻ പ്രകാശ് കുന്ദർ (50) ആണെന്ന് സ്ഥിരീകരിച്ചു. 14 വർഷമായി യുഎഇയിൽ താമസിച്ചിരുന്ന അൽവിൻ ദുബായിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഷാർജ പൊലീസ് അറിയിച്ചു. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ അൽവിന്റെ ഭാര്യയും കൗമാരക്കാരനായ മകനും യുഎഇ വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇരുവരെയും കാണാനില്ലെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ഷാർജ പൊലീസ് നിഷേധിച്ചു. ഇവരെ കാണാതായതായി യാതൊരു കേസോ പരാതിയോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സെപ്റ്റംബർ 23ന് അൽവിന്റെ മൃതദേഹം മംഗളൂരു വിമാനത്താവളം വഴി ജന്മനാടായ കുന്ദാപൂരിലെത്തിച്ച് സംസ്കരിച്ചു. കുടുംബത്തോടൊപ്പമാണ് അൽവിൻ ഷാർജയിൽ താമസിച്ചിരുന്നത്. ജൂലൈ 20നാണ് അവസാനമായി അൽവിനുമായി സംസാരിച്ചതെന്ന് മൂത്ത സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനിടെ താൻ സുരക്ഷിതനാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ടെക്സ്റ്റ് സന്ദേശം ലഭിച്ചു. പതിവിൽനിന്ന് വ്യത്യസ്തമായ സന്ദേശമായതിനാൽ ഇതിൽ സംശയം തോന്നിയതായി സഹോദരൻ പറഞ്ഞു. തുടർന്ന് അൽവിന്റെ സുഹൃത്ത് ഷാർജയിലെ ഫ്ലാറ്റിലെത്തി അന്വേഷിച്ചെങ്കിലും, അൽവിൻ നാട്ടിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ അറിയിച്ചത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അൽവിൻ യുഎഇ വിട്ടിട്ടില്ലെന്ന് വ്യക്തമായി.

മരണം കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന സംശയത്തെ തുടർന്ന് കേസ് ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. വിവരങ്ങൾ ശേഖരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തമായതോടെ പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *