
യുഎഇയിലെ വിമാനയാത്രക്കാരെ ബാധിച്ച് വിവിധ വിമാന സർവീസുകളിൽ വൈകലും റദ്ദാക്കലും. ദുബായ് രാജ്യാന്തര വിമാനത്താവളം, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്ത്യയിലേക്കുള്ളതടക്കമുള്ള നിരവധി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവ പ്രധാന സർവീസുകൾ തുടരുന്നുണ്ടെങ്കിലും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്. ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികൾ ചില സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ഡൽഹി തുടങ്ങിയ റൂട്ടുകളിലും വൈകലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുബായിൽ സ്പൈസ് ജെറ്റിന്റെ കൊച്ചി സർവീസ് ഉൾപ്പെടെ ചില വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ടെഹ്റാൻ, അമ്മാൻ തുടങ്ങിയ റൂട്ടുകളിലെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അബുദാബിയിൽ നിന്ന് കുവൈത്ത്, ബഹ്റൈൻ, റിയാദ് തുടങ്ങിയ റൂട്ടുകളിലും ചില വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്. അതേസമയം, സെപ്റ്റംബർ 24 മുതൽ ഇറാനിയൻ എയർലൈനുകളുടെ യുഎഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരുമാനം ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില കമ്പനികൾ ഒക്ടോബർ, നവംബർ മാസങ്ങളിലേക്കും അതിനപ്പുറത്തേക്കും സർവീസുകൾ നിർത്തിവെച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം ചില എയർലൈനുകൾ വിവിധ തീയതികളിൽ സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നുമുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണം. സാധാരണ സമയത്തേക്കാൾ നേരത്തെ വിമാനത്താവളത്തിലെത്താനും നിർദേശമുണ്ട്. ഫ്ലൈദുബായ് യാത്രക്കാർ നാല് മണിക്കൂർ മുൻപ് എത്തുന്നതാണ് നിർദേശം. അതിനാൽ ടിക്കറ്റ് കൈയിലുണ്ടെന്നത് മാത്രം കണക്കാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാതെ, പുറപ്പെടുന്ന സമയത്ത് വീണ്ടും ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കിയ ശേഷം യാത്ര ആരംഭിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t