Dubai road restrictions; ദുബായ് റോഡുകളിൽ ഒക്ടോബർ 1 മുതൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം

Dubai road restrictions; ദുബായ് റോഡുകളിൽ ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഗതാഗത നിയന്ത്രണം കർശനമാക്കുമെന്ന് ദുബായ് പൊലീസും ആർ.ടി.എയും സംയുക്തമായി അറിയിച്ചു. എന്നാൽ എമിറേറ്റ്‌സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്കിന്റെ തോതും പ്രദേശങ്ങളും പരിഗണിച്ചാണ് വിവിധ റോഡുകളിലെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. അൽ ഖുദ്ര റോഡ്, അൽ മൈദാൻ റോഡ്, എല്ലാ പാലങ്ങളും അടിപ്പാതകളും, എയർപോർട്ട് ടണൽ എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിലും പ്രദേശങ്ങളിലും മുഴുവൻ സമയവും (24 മണിക്കൂറും) ട്രക്കുകൾക്ക് പ്രവേശന നിരോധനമുണ്ട്. ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലും, അൽ മിസ്ഹർ, മുഹൈസ്ന, ഔദ് അൽ മുതീന തുടങ്ങിയ പാർപ്പിട മേഖലകളിലും രാവിലെ 6 മുതൽ രാത്രി 10 വരെയുള്ള 16 മണിക്കൂർ സമയത്തേക്ക് നിയന്ത്രണം ബാധകമാണ്. കൂടാതെ എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമസ്കസ് സ്ട്രീറ്റ് തുടങ്ങിയ നഗരറോഡുകളിൽ രാവിലെ 6:30 മുതൽ 8:30 വരെ, ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ എന്നിങ്ങനെ ദിവസേന മൂന്ന് തിരക്കേറിയ സമയങ്ങളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രക്ക് ഡ്രൈവർമാർ, ചരക്കുനീക്ക കമ്പനികൾ, വാഹന ഉടമകൾ എന്നിവരെ നിയന്ത്രണങ്ങളെക്കുറിച്ചും ഇതര വഴികളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസിന്റെ സഹകരണത്തോടെ വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. പരമാവധി ഡ്രൈവർമാരിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനായി ബോധവൽക്കരണ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കും.
റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും, യാത്രാ സമയം ലാഭിക്കാനും, ദുബായിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ നിരോധിച്ച സമയങ്ങളിലും റോഡുകളിലും ട്രക്കുകൾ ഓടിക്കേണ്ടി വരുന്ന കമ്പനികൾ, ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി ആർ.ടി.എ വെബ്‌സൈറ്റ് വഴി റൈറ്റ് ഓഫ് വേ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ‘മോബിലിറ്റി പെർമിറ്റ് ഫോർ ഹെവി വെഹിക്കിൾസ് ഇൻ ബാൻഡ് ടൈംസ് ആൻഡ് റോഡ്സ്’ എന്ന അനുമതിക്കായി അപേക്ഷിക്കേണ്ടതാണ്.

ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിച്ചുവരികയാണെന്നും, ആറ് പ്രധാന കേന്ദ്രങ്ങളിലായി 16-ൽ 14 വിശ്രമ കേന്ദ്രങ്ങളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായതായും ആർ.ടി.എ അറിയിച്ചു. നിയന്ത്രണ സമയം കർശനമായി പാലിക്കണമെന്നും, അനുവദനീയമായ ഇതര പാതകൾ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ നിശ്ചിത ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലേക്ക് പോകണമെന്നും ഡ്രൈവർമാരോടും കമ്പനികളോടും അധികൃതർ അഭ്യർത്ഥിച്ചു. ഈ വിശ്രമ കേന്ദ്രങ്ങളിൽ 364 പുതിയ പാർക്കിംഗ് ഇടങ്ങൾ കൂടി ഉൾപ്പെടുത്തി ശേഷി 50 ശതമാനത്തോളം വർദ്ധിപ്പിച്ചതായും, ഇതിലൂടെ ആകെ പാർക്കിംഗ് ഇടങ്ങളുടെ എണ്ണം 1,007 ആയി ഉയർന്നതായും ആർ.ടി.എ വ്യക്തമാക്കി. കൂടാതെ, സ്വകാര്യ മേഖലയുമായി സഹകരിച്ച് നാല് സ്ഥിരം വിശ്രമ കേന്ദ്രങ്ങൾ കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്.
ദുബായിൽ ദിവസേന ഏകദേശം 4,00,000 ട്രക്ക് യാത്രകൾ നടക്കുമ്പോൾ, പ്രതിമാസം 1.5 ലക്ഷത്തിലധികം ട്രക്കുകൾ ഈ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *