വ്യൂസിനും ലൈക്കിനും വേണ്ടി ഇത്രയും ക്രൂരതയോ? വളർത്തുപൂച്ചയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണി, യുഎഇയിൽ മൃഗസ്നേഹികളുടെ പ്രതിഷേധം, പരാതി…

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി സ്വന്തം വളർത്തുപൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച യുവാവിനെതിരെ യുഎഇയിൽ വ്യാപക പ്രതിഷേധം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചു. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൂച്ചയെ പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നത്. ഒരു ദൃശ്യത്തിൽ മൂർച്ചയേറിയ കത്തി പൂച്ചയുടെ കഴുത്തിനോട് ചേർത്ത് ഭീഷണിപ്പെടുത്തുന്നതും ഭയന്ന് പൂച്ച രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തി ശ്വാസംമുട്ടിക്കുന്നതും വേദനയിൽ അത് കരയുന്നതും വ്യക്തമാണ്. യുഎഇയിൽ മൃഗങ്ങളെ സംരക്ഷിക്കുകയും അവയ്ക്ക് പുതിയ വീടുകൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന യുകെ ആസ്ഥാനമായുള്ള ‘റിമോട്ട് റെസ്ക്യൂസ്’ എന്ന കൂട്ടായ്മയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഘടന ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുകയും ചെയ്തു.

സോഷ്യൽ മീഡിയയിലെ ശ്രദ്ധയും വ്യൂസും നേടാൻ വേണ്ടി നിസ്സഹായമായ ഒരു മൃഗത്തെ മനപ്പൂർവം പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗസംരക്ഷണ പ്രവർത്തകർ വ്യക്തമാക്കി. മൃഗങ്ങൾക്ക് സ്വന്തം വേദനയെക്കുറിച്ച് മനുഷ്യരോട് പറയാൻ കഴിയാത്തതിനാൽ, അവർക്കുവേണ്ടി ശബ്ദമുയർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. സംഭവം വലിയ ചർച്ചയായതോടെ വീഡിയോ പങ്കുവെച്ച യുവാവ് പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തി. പൂച്ച താൻ ഏറെ സ്നേഹിക്കുന്ന വളർത്തുമൃഗമാണെന്നും താൻ ചെയ്തത് തമാശയ്ക്കായിരുന്നുവെന്നും അവകാശപ്പെട്ട ഇയാൾ സംഭവത്തിൽ ആത്മാർഥമായി ക്ഷമ ചോദിച്ചു. ഭാവിയിൽ ഇത്തരം വീഡിയോകൾ ഒരിക്കലും ആവർത്തിക്കില്ലെന്നും ഇയാൾ ഉറപ്പ് നൽകി.

യുഎഇയിൽ മൃഗപീഡനത്തിന് നിയമനടപടി

മൃഗങ്ങളോടുള്ള ക്രൂരത തടയാൻ യുഎഇയിൽ കർശന നിയമങ്ങളാണ് നിലവിലുള്ളത്. 2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 31 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുന്നതും അവഗണിക്കുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കുന്നു.

ആർട്ടിക്കിൾ 472 പ്രകാരം വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്താൽ 5,000 ദിർഹം വരെ പിഴ ലഭിക്കാം.

ആർട്ടിക്കിൾ 471 പ്രകാരം വളർത്തുമൃഗത്തെ മനഃപൂർവം കൊല്ലുകയോ വിഷം നൽകുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ലഭിക്കാം.

ആർട്ടിക്കിൾ 473 പ്രകാരം മറ്റൊരാളുടെ മൃഗത്തിന് പരിക്കേൽപ്പിച്ചാൽ 3,000 ദിർഹം വരെയും മരണം സംഭവിച്ചാൽ 10,000 ദിർഹം വരെയും പിഴ ചുമത്താം.

അനുമതിയില്ലാതെ മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ട്. ഇത്തരം കേസുകളിൽ 50,000 മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാം. അസുഖമുള്ള മൃഗങ്ങളെ വിൽക്കുന്നവർക്കും 2 ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണത്തിന്റെ ഭാഗമായി അബുദാബിയിൽ വളർത്തുമൃഗങ്ങൾക്ക് മൈക്രോചിപ്പും ‘TAMM’ പ്ലാറ്റ്‌ഫോം വഴിയുള്ള രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ അധികൃതർ നടപടി സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *