വിമാനത്തിനുള്ളിൽ രാസഗന്ധം; 222 യാത്രക്കാരുമായി അടിയന്തര ലാൻഡിങ്

ചിക്കാഗോയിൽ നിന്ന് സൂറിച്ചിലേക്ക് പോയ സ്വിസ് ഇന്റർനാഷനൽ എയർലൈൻസിന്റെ LX9 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ യാത്രയ്ക്കിടെ അസോറസ് ദ്വീപുകളിലേക്ക് വഴിതിരിച്ചുവിട്ടു. 222 യാത്രക്കാരും 16 ജീവനക്കാരുമുണ്ടായിരുന്ന ബോയിങ് 777 വിമാനമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി അസോറസിലെ ലാജസ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. രാസഗന്ധത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതിനെ തുടർന്ന് ജീവനക്കാർ അടിയന്തര സന്ദേശം നൽകുകയായിരുന്നു. ലാൻഡിങ്ങിന് ശേഷം അഞ്ച് യാത്രക്കാരെയും ഒരു ജീവനക്കാരനെയും മുൻകരുതലായി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കണ്ണിൽ അസ്വസ്ഥത, തലവേദന, ഛർദിയോടു സമാനമായ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ചിലർ പ്രകടിപ്പിച്ചെങ്കിലും ആർക്കും തുടർചികിത്സ ആവശ്യമായി വന്നില്ല. വിമാനത്തിലെ രാസഗന്ധത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും വിദഗ്ധർ വിമാനം വിശദമായി പരിശോധിച്ച ശേഷമേ കാരണം വ്യക്തമാകൂവെന്നും സ്വിസ് അധികൃതർ അറിയിച്ചു. യാത്രക്കാരെ സൂറിച്ചിലെത്തിക്കുന്നതിനായി അസോറസിലേക്ക് മറ്റൊരു വിമാനം അയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *