കേരളത്തിലെ ടൂറിസ്റ്റ് ഹോമിൽ യുഎഇ സ്വദേശിനിയായ 40കാരി മരിച്ച നിലയിൽ

കോഴിക്കോട്ട് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചിരുന്ന യുഎഇ സ്വദേശിനിയായ 40കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസുകിയാണ് മരിച്ചത്. പ്ലാനറ്റോറിയത്തിന് സമീപത്തെ എക്സ്പ്ലോറ ടൂറിസ്റ്റ് ഹോമിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് ഏഴിനാണ് യുവതിയുൾപ്പെടെയുള്ള കുടുംബം ഇവിടെ മുറിയെടുത്തത്. അഞ്ച് മുറികളിലായി കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് താമസിച്ചിരുന്നത്. മുറിയിൽ അബോധാവസ്ഥയിൽ കിടന്ന യുവതിയെ മകനാണ് ആദ്യം കണ്ടത്. തുടർന്ന് ടൂറിസ്റ്റ് ഹോം അധികൃതരെ വിവരമറിയിക്കുകയും ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ മരണം സ്ഥിരീകരിച്ചതോടെ അധികൃതർ നടക്കാവ് പൊലീസിൽ വിവരം അറിയിച്ചു.

യുവതിയുടെ മകനും ഇതേ മുറിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോകുന്നതിനിടെ ഉച്ചയോടെയേ എഴുന്നേൽക്കുകയുള്ളൂ എന്ന് യുവതി ടൂറിസ്റ്റ് ഹോം അധികൃതരെ അറിയിച്ചിരുന്നു. രാവിലെ യുവതിയുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് പിന്നീട് മുറിയിൽ പരിശോധിക്കുകയായിരുന്നു. യുഎഇ സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ചംഗ കുടുംബമാണ് കേരളത്തിലെത്തിയത്. യുവതിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *