‘ഹബീബി… വെൽക്കം ടു ദുബായ്’; വീസ ഫീസിൽ ആയിരങ്ങൾ ലാഭിക്കാം, ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ വീസ!

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച സൗജന്യ സന്ദർശക വീസ പദ്ധതിയുടെ ആനുകൂല്യം നേടാൻ അബുദാബി കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന്റെ (DCT) ട്രാവൽ പങ്കാളികളായ 11 കമ്പനികൾ വഴി അപേക്ഷിക്കണം. പദ്ധതിയുടെ ഭാഗമായുള്ള ട്രാവൽ കമ്പനികളുടെ പട്ടിക DCT പുറത്തുവിട്ടു. സൗജന്യ വീസയ്ക്ക് 30 ദിവസത്തെ കാലാവധിയാണുള്ളത്. എന്നാൽ കുറഞ്ഞത് മൂന്ന് ദിവസം അബുദാബിയിൽ താമസിക്കണം എന്നതാണ് പ്രധാന നിബന്ധന. സാധാരണയായി 285 ദിർഹം ചെലവാകുന്ന വീസ ഫീസ് DCTയുമായി പങ്കാളിത്തമുള്ള ട്രാവൽ കമ്പനികൾ വഴി ബുക്കിങ് നടത്തുമ്പോൾ പൂർണമായും ഒഴിവാക്കും. ഉദാഹരണത്തിന് നാല് അംഗ കുടുംബത്തിന് സാധാരണ വീസ ഫീസായി 1,140 ദിർഹം നൽകേണ്ടിവരും. പുതിയ പദ്ധതിയിലൂടെ ഈ തുക പൂർണമായും ലാഭിക്കാം. ഒക്ടോബർ 31 വരെയാണ് നിലവിൽ സൗജന്യ വീസ ആനുകൂല്യം ലഭിക്കുക.

11 ട്രാവൽ കമ്പനികൾ

പദ്ധതിയുടെ ഭാഗമായ DCTയുടെ നിലവിലെ ട്രാവൽ പങ്കാളികൾ:

  • ഹോളിഡേ ട്രൈബ്
  • തോമസ് കുക്ക് ആൻഡ് SOTC
  • ത്രില്ലോഫിലിയ
  • അക്ബർ ഹോളിഡേയ്സ്
  • UTAASO.com
  • കേസരി ടൂർസ്
  • റിയ ട്രാവൽസ്
  • റോയൽ ടൂർസ്
  • പിക്ക് യുവർ ട്രെയിൽ
  • മേക്ക് മൈ ട്രിപ്പ്
  • ആര്യൻ ലെഷർ

ഈ കമ്പനികൾ വഴി യാത്രാ ബുക്കിങ് നടത്തുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നവർക്കാണ് വീസ ഫീസ് ഒഴിവാക്കിക്കിട്ടുക.

20,000 വീസകൾ ആദ്യ ഘട്ടത്തിൽ

ആദ്യ ഘട്ടത്തിൽ 20,000 സൗജന്യ വീസകൾ നൽകാനാണ് DCTയുടെ തീരുമാനം. ഒരു കുടുംബത്തിൽ എത്ര അംഗങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒരു കുടുംബത്തിന് അപേക്ഷിക്കാവുന്ന വീസകളുടെ എണ്ണത്തിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. ആകെ അനുവദിക്കുന്ന വീസകളുടെ എണ്ണത്തിനാണ് 20,000 എന്ന പരിധി.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ഈ സൗജന്യ വീസ പദ്ധതിയിൽ അപേക്ഷിക്കാനാകുക. അതേസമയം, ഒക്ടോബർ 31ന് ശേഷം യാത്ര ചെയ്യാനായി അതിന് മുമ്പ് വീസ എടുത്തുവയ്ക്കാൻ കഴിയില്ലെന്നാണ് നിലവിലെ വ്യവസ്ഥ. വീസ എടുക്കുന്നതും യുഎഇയിലേക്കുള്ള യാത്രയും ഒക്ടോബർ 31നകം പൂർത്തിയാക്കണം. അതിനാൽ ഒക്ടോബർ 31ന് വീസ എടുത്ത് നവംബറിൽ യാത്ര ചെയ്യുന്നത് നിലവിലെ പദ്ധതിയുടെ പരിധിയിൽ വരില്ല. ഒക്ടോബർ 31ന് ശേഷം സൗജന്യ വീസ പദ്ധതി തുടരുമോ എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *