സുരക്ഷിത യാത്രയ്ക്ക് പുതിയ ചുവടുവെപ്പ്; ദുബായിൽ 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും!


നഗരത്തിലെ വിവിധ മേഖലകളെ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി ബന്ധിപ്പിക്കുന്നതിനായി 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തിനിടെ 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നതിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അംഗീകാരം നൽകി. ജനസാന്ദ്രത, വാണിജ്യ-വിനോദസഞ്ചാര പ്രാധാന്യം, പൊതുഗതാഗത സംവിധാനങ്ങളുമായുള്ള കണക്റ്റിവിറ്റി എന്നിവ പരിഗണിച്ചാണ് പദ്ധതിക്കായി സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും കാൽനട-സൈക്കിൾ സൗഹൃദ നഗരങ്ങളിലൊന്നാക്കി മാറ്റുകയെന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദുബായിലെ കാൽനടപ്പാലങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. 2006-ൽ 26 കാൽനടപ്പാലങ്ങളുണ്ടായിരുന്നപ്പോൾ, 2025 അവസാനത്തോടെ ഇത് 178 ആയി ഉയർന്നു. 585 ശതമാനത്തിന്റെ വർധനയാണിത്.

പുതിയ പാലങ്ങളും തുരങ്കങ്ങളും ഷെയ്ഖ് സായിദ് റോഡ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ്, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന പാതകളിൽ സ്ഥാപിക്കും.

റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കാൽനടയാത്രക്കാരുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞതായും ആർടിഎ വ്യക്തമാക്കി. 2007-ൽ ഒരു ലക്ഷം ആളുകളിൽ 9.5 ആയിരുന്ന മരണനിരക്ക് 2025-ൽ 0.22 ആയി കുറഞ്ഞു. ഇത് 98 ശതമാനത്തിന്റെ കുറവാണ്. നിലവിൽ നഗരത്തിലെ കാൽനടയാത്രാ സൗകര്യങ്ങളിൽ 88 ശതമാനം താമസക്കാരും തൃപ്തരാണെന്നും ആർടിഎ അറിയിച്ചു. 2025-ൽ ദുബായിൽ 32.6 കോടി കാൽനടയാത്രകളും 5.73 കോടി സൈക്കിൾ യാത്രകളും രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് സൈക്കിൾ യാത്രകളിൽ 23 ശതമാനം വർധനയുണ്ടായി.

ഇതിനിടെ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മനാര സ്ട്രീറ്റ് എന്നിവിടങ്ങളിലായി മൂന്ന് പുതിയ കാൽനടപ്പാലങ്ങൾ ആർടിഎ അടുത്തിടെ തുറന്നിരുന്നു. അൽ സുഫൂഹ്, ദുബായ് ഹിൽസ്, ഇന്റർനെറ്റ് സിറ്റി, ബർഷാ ഹൈറ്റ്സ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷെയ്ഖ് സായിദ് റോഡിലെയും അൽ ഖൈൽ റോഡിലെയും പാലങ്ങൾക്ക് അഞ്ച് മീറ്റർ വീതിയാണുള്ളത്. ഇതിൽ മൂന്ന് മീറ്റർ സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി പ്രത്യേകം ട്രാക്കും രണ്ട് മീറ്റർ കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുണ്ട്. ഇവയുടെ നീളം യഥാക്രമം 528 മീറ്ററും 501 മീറ്ററുമാണ്. അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ 45 മീറ്റർ നീളത്തിൽ നിർമിച്ച അൽ മനാര സ്ട്രീറ്റ് പാലം കലാ-സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.

അതേസമയം, മൂന്ന് വലിയ കാൽനടപ്പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. 554 മീറ്റർ നീളമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ പാലം ട്യൂണിസ് സ്ട്രീറ്റിനെയും അൽ നഹ്ദ ജങ്ഷനെയും ബന്ധിപ്പിച്ച് മുഹൈസ്ന 1, അൽ തവാർ, അൽ മംസാർ ബീച്ച് എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കും.

730 മീറ്റർ നീളമുള്ള ദുബായ്-അൽ ഐൻ റോഡിലെ പാലം ലിവാനെയും ദുബായ് സിലിക്കൺ ഒയാസിസിലെ നാദ് ഹെസ്സയെയും ബന്ധിപ്പിക്കും. അൽ സുക്കൂക് സ്ട്രീറ്റിൽ ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള മറ്റൊരു പാലത്തിന്റെ നിർമാണം 2027-ലെ ആദ്യ പാദത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ, റിമോട്ട് മോണിറ്ററിങ്, സ്മാർട്ട് അലാറം സംവിധാനം തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പാലങ്ങൾ നിർമിക്കുന്നത്. അപകടരഹിത ദുബായ് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്ന് ആർടിഎ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *