കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്രസ് കോഡ്! യൂണിഫോം മുതൽ ടാറ്റൂ വരെ ഇനി കർശന ചട്ടങ്ങൾ

കുവൈത്തിലെ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായുള്ള പുതിയ ഔദ്യോഗിക യൂണിഫോം, പെരുമാറ്റച്ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി ഈ വർഷം ജനുവരി 21-ന് പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കിയത്ആ രോഗ്യപ്രവർത്തകരുടെ പ്രൊഫഷണൽ തിരിച്ചറിയൽ ശക്തിപ്പെടുത്തുക, ഓരോ വിഭാഗത്തിനും അനുയോജ്യമായ ഏകീകൃത യൂണിഫോം ഉറപ്പാക്കുക, രോഗികൾക്ക് ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സൗകര്യമൊരുക്കുക, ആരോഗ്യ സ്ഥാപനങ്ങളിലെ അച്ചടക്കവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പെരുമാറ്റച്ചട്ടങ്ങളിലെ പ്രധാന നിർദേശങ്ങൾ

  • ജോലി സമയത്ത് എല്ലാ ജീവനക്കാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (ഐഡി കാർഡ്) നിർബന്ധമായും ധരിക്കണം.
  • വ്യക്തിശുചിത്വം പാലിക്കണം. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ദുർഗന്ധമുള്ള വസ്ത്രങ്ങളോ സുഗന്ധവസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  • ശരീരത്തിൽ ടാറ്റൂ ഉള്ളവർ ജോലി സമയത്ത് അവ പൂർണമായും മറച്ചിരിക്കണം.
  • വൃത്തിയുള്ളതും മാന്യമായതും ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായതുമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.

അനുവദിക്കാത്ത വസ്ത്രങ്ങൾ

ജോലി സമയത്ത് താഴെ പറയുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് അനുവദിക്കില്ല:

  • സ്പോർട്സ് വസ്ത്രങ്ങൾ
  • ഷോർട്സ്
  • മുട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ
  • കീറിയതോ തുളയുള്ളതോ ആയ വസ്ത്രങ്ങൾ
  • സ്പോർട്സ് ക്യാപ്പുകൾ
  • അനുചിതമായ മുദ്രാവാക്യങ്ങളോ പരസ്യങ്ങളോ ഉള്ള വസ്ത്രങ്ങൾ

പാദരക്ഷകൾക്കും പ്രത്യേക നിർദേശം

ജീവനക്കാർ വൃത്തിയുള്ള ഔദ്യോഗിക ഷൂസുകളോ ഒരേ നിറത്തിലുള്ള ലളിതമായ സ്പോർട്സ് ഷൂസുകളോ മാത്രമേ ധരിക്കാവൂ. വലിയ ലോഗോകളുള്ളതോ തിളക്കമുള്ള നിറങ്ങളിലുള്ളതോ ആയ പാദരക്ഷകൾ അനുവദിക്കില്ല.

പ്രത്യേക യൂണിഫോമുകൾ

പുരുഷന്മാർക്കും സ്ത്രീകൾക്കും, ഇസ്ലാമിക വേഷം ധരിക്കുന്ന വനിതകൾക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് മാതൃകകളിലുള്ള സ്ക്രബ്‌സ് യൂണിഫോമുകൾ അംഗീകരിച്ചിട്ടുണ്ട്.

കൂടാതെ നഴ്സിംഗ് വിഭാഗം, അടിയന്തര മെഡിക്കൽ സേവന വിഭാഗം (EMS), എൻജിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാർക്കായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക പ്രൊഫഷണൽ യൂണിഫോമുകളും നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *