ദുബായ്: വഞ്ചിക്കാൻ നോക്കി, പണി ഇരട്ടിയായി കിട്ടി: വ്യാജ ചെക്ക് നൽകിയ പ്രവാസി 2 കോടിയിലധികം രൂപ നൽകണം

Fake Cheque Fraud Dubai ദുബായ്: പ്രത്യേകതരം മഷി ഉപയോഗിച്ച് വിവരങ്ങൾ മങ്ങിപ്പോകുന്ന രീതിയിൽ ചെക്ക് എഴുതി വഞ്ചിച്ച അറബ് സ്വദേശിയോട് 1.7 മില്യൺ (17 ലക്ഷം) ദിർഹവും നഷ്ടപരിഹാരവും തിരികെ നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ബാങ്കിൽ നൽകിയപ്പോൾ മഷി മാഞ്ഞുപോയതിനെ തുടർന്ന് ചെക്ക് അസാധുവാകുകയായിരുന്നു. പരാതിക്കാരന് ചെക്ക് തുകയായ 17 ലക്ഷം ദിർഹം പൂർണ്ണമായും നൽകാനും ചെക്കിന്റെ കാലാവധി അവസാനിച്ച തീയതി മുതൽ തുക അടച്ചുതീർക്കുന്നതുവരെ പ്രതിവർഷം 5 ശതമാനം പലിശ നൽകാനും കോടതി വിധിച്ചു. കൂടാതെ, വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടം മൂലം പരാതിക്കാരനുണ്ടായ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 30,000 ദിർഹവും, കേസിന്റെ ചെലവുകളും കോടതി ഫീസും നൽകാനും ഉത്തരവുണ്ട്. കേസിന്റെ വിവരങ്ങൾ അനുസരിച്ച്, പരാതിക്കാരൻ പ്രതിക്ക് 17 ലക്ഷം ദിർഹം നൽകിയപ്പോൾ ഈ തുകയ്ക്ക് ഗ്യാരണ്ടിയായാണ് ചെക്ക് നൽകിയത്. നൽകിയ സമയത്ത് ചെക്കിൽ വിവരങ്ങൾ കൃത്യമായി ഉണ്ടായിരുന്നു. എന്നാൽ കാലാവധി എത്തി ബാങ്കിൽ നൽകിയപ്പോൾ, കുറച്ചു സമയം കൊണ്ട് മങ്ങിപ്പോകുന്ന പ്രത്യേകതരം മഷി ഉപയോഗിച്ചാണ് ചെക്ക് എഴുതിയതെന്ന് കണ്ടെത്തി. തുടർന്ന് ബാക്ക് ചെക്ക് നിരസിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ ക്രിമിനൽ കോടതിയെ സമീപിച്ചു. ദുബായ് ക്രിമിനൽ കോടതി നേരത്തെ തന്നെ പ്രതിയെ തട്ടിപ്പ് കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒരു വർഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു. ഇതിന്ശേഷമാണ് സിവിൽ കോടതി പരാതിക്കാരന്റെ ഹർജി പരിഗണിച്ചത്. ക്രിമിനൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്ക് സിവിൽ കോടതിയിലും അതിൽ നിന്നും ഒഴിവാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി അനാവശ്യമായി മറ്റൊരാളുടെ പണം കൈവശം വയ്ക്കുകയും, പരാതിക്കാരനെ വർഷങ്ങളോളം സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയും ചെയ്തതിനാണ് തുകയും പലിശയും 30,000 ദിർഹം നഷ്ടപരിഹാരവും വിധിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *