
Dubai new bridge; ഊദ് മേത്ത, അൽ അസായൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ പ്രധാന റോഡിലെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും 5 മിനിറ്റായി കുറയുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും നിലവിൽ പൂർത്തിയായിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഊദ് മേത്ത സ്ട്രീറ്റിലെ ഗതാഗത ശേഷി 50 ശതമാനം വർദ്ധിക്കും. പദ്ധതിയുടെ ഭാഗമായി അൽ ഖൈൽ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ അസായൽ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കായി മൂന്ന് ലെയ്നുകളുള്ള പ്രധാന മേൽപ്പാലം ശനിയാഴ്ച (ജൂലൈ 26) തുറന്നുകൊടുത്തു. ഈ പാലത്തിലൂടെ മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതിയിലെ രണ്ട് തുരങ്കങ്ങളും മറ്റൊരു മേൽപ്പാലവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി. ഒന്നാം തുരങ്കം – ഊദ് മേത്ത സ്ട്രീറ്റിലെ സർവീസ് റോഡിനെ ബർ ദുബായ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി ഷെയ്ഖ് റാഷിദ് റോഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കും. രണ്ടാം തുരങ്കം: ദുബായ്–അൽ ഐൻ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങൾക്കായിരിക്കും ഇത്. ഇത് നിലവിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സഹായിക്കും. പുതിയ മേൽപ്പാലം: അൽ അസായൽ സ്ട്രീറ്റിൽ നിന്ന് ഊദ് മേത്ത സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിയുന്ന വാഹനങ്ങൾക്കായി ഒരു പ്രത്യേക പാലവും തുറക്കും. പദ്ധതിയുടെ ഭാഗമായി 4 പ്രധാന ജംഗ്ഷനുകൾ നവീകരിക്കുകയും, ആകെ 4.3 കിലോമീറ്റർ നീളത്തിൽ മേൽപ്പാലങ്ങളും രണ്ട് തുരങ്കങ്ങളും 14 കിലോമീറ്റർ റോഡും നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. സാബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉമ്മു ഹുറൈർ എന്നീ റെസിഡൻഷ്യൽ മേഖലകൾക്കും ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് എന്നിവടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ വികസനം വലിയ ആശ്വാസമാകും. 2030-ഓടെ ഈ പ്രദേശങ്ങളിലെ ജനസംഖ്യ 4,20,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർണ്ണമായും പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ 75 ശതമാനത്തോളം കുറവുണ്ടാകും. ഈ പദ്ധതിക്ക് കീഴിൽ 2026-ന്റെ ആദ്യ പാദത്തിൽ ആർ.ടി.എ രണ്ട് പുതിയ പാലങ്ങൾ കൂടി തുറന്നിരുന്നു. അൽ അസായൽ സ്ട്രീറ്റിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കും, അൽ ഖൈൽ റോഡ് വഴി ബിസിനസ് ബേ ക്രോസിംഗ് ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾക്കായാണ് ഈ പാലങ്ങൾ നിർമ്മിച്ചത്.