വേനൽക്കാലത്ത് ദൂര യാത്രയ്ക്ക് പ്ലാൻ ചെയ്യുവാണോ? എങ്കിൽ അതിന് മുൻപ് വാഹനം പരിശോധിക്കണം; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽക്കാലത്ത് ദീർഘദൂര യാത്രകൾക്ക് ഒരുങ്ങുന്ന വാഹനയാത്രികർ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ സുരക്ഷയും സാങ്കേതിക നിലയും നിർബന്ധമായും പരിശോധിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില മൂലമുള്ള വാഹന തകരാറുകളും അതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. ഈ വർഷം ആദ്യ അഞ്ച് മാസത്തിനിടെ മാത്രം വാഹനങ്ങളുടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 3,589 നിയമലംഘനങ്ങളാണ് ദുബായ് പൊലീസ് കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 1,737 വാഹനങ്ങൾ, ഗതാഗതയോഗ്യമല്ലാത്ത 1,026 വാഹനങ്ങൾ, കാലപ്പഴക്കം ചെന്ന ടയറുകളുമായി സർവീസ് നടത്തിയ 826 വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. വേനൽക്കാലത്ത് വാഹന പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും യാത്രയ്ക്കു മുമ്പ് വാഹനത്തിന്റെ ഓരോ പ്രധാന ഘടകവും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.

യാത്രയ്ക്കു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

-ടയറുകളുടെ സുരക്ഷ ഉറപ്പാക്കുക: അമിത ചൂടിൽ ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ടയറുകളുടെ അവസ്ഥയും വായുമർദവും പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
-അനുമതിയില്ലാത്ത മാറ്റങ്ങൾ ഒഴിവാക്കുക: വാഹനത്തിലോ എൻജിനിലോ അംഗീകാരമില്ലാത്ത മാറ്റങ്ങളോ ഉപകരണങ്ങളോ ഘടിപ്പിക്കുന്നത് ഒഴിവാക്കണം. അനധികൃത വർക്ക്‌ഷോപ്പുകളിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമായേക്കാം.
-കൂളന്റും ഓയിലും പരിശോധിക്കുക: എൻജിൻ കൂളന്റിന്റെയും ഓയിലിന്റെയും അളവും പ്രവർത്തനക്ഷമതയും പരിശോധിച്ച ശേഷമേ യാത്ര ആരംഭിക്കാവൂ.

സുരക്ഷിത വേനൽക്കാലത്തിനായി അബുദാബി പൊലീസിന്റെ നിർദേശങ്ങൾ

‘സുരക്ഷിത വേനൽക്കാലം’ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി അബുദാബി പൊലീസും വാഹനയാത്രികർക്കായി പ്രത്യേക സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.

  • യാത്രയ്ക്ക് മുമ്പ് എൻജിൻ ഓയിൽ, കൂളന്റ് ഉൾപ്പെടെയുള്ള എല്ലാ ഫ്ലൂയിഡുകളുടെയും അളവ് പരിശോധിക്കുക.
  • ടയറുകളുടെ വായുമർദവും അവയുടെ നിലവാരവും ഉറപ്പാക്കുക.
  • വാഹനത്തിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സജ്ജമാണെന്ന് പരിശോധിക്കുക.
  • വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിന്റെ സ്റ്റിയറിങ് വീൽ അമിതമായി ചൂടാകാൻ സാധ്യതയുള്ളതിനാൽ ചൂട് കുറഞ്ഞ ശേഷമേ വാഹനം ഓടിക്കാവൂ.
  • ലൈറ്റർ, പെർഫ്യൂം കുപ്പികൾ, പവർ ബാങ്ക് തുടങ്ങിയ ചൂടിൽ അപകടസാധ്യതയുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കരുത്.
  • കഴിയുന്നത്ര വാഹനങ്ങൾ തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

വേനൽക്കാലത്ത് ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാമെന്ന് ഓർമ്മിപ്പിച്ച പൊലീസ്, യാത്ര ആരംഭിക്കുന്നതിന് മുമ്പുള്ള വാഹന പരിശോധന ഓരോ ഡ്രൈവറും ശീലമാക്കണമെന്ന് നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy