300 ഇന്ത്യൻ പ്രവാസികൾ ഒരേ തട്ടിപ്പിന്റെ ഇരകൾ; ദുബായിൽ ടെറസുകളിൽ അന്തിയുറങ്ങി മലയാളികൾ, നാട്ടിലേക്കുള്ള വഴി അടഞ്ഞു, അടിയന്തര ഇടപെടൽ ആവശ്യം

ദുബായിൽ അനധികൃത സമാന്തര ബാങ്കിങ് ശൃംഖലയുടെയും ബ്ലേഡ് മാഫിയയുടെയും തട്ടിപ്പിൽപ്പെട്ട് ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പെടെ മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ പ്രതിസന്ധിയിലായ സംഭവത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം. പാർലമെന്ററി വിദേശകാര്യ സ്ഥിരസമിതി അധ്യക്ഷൻ ഡോ. ശശി തരൂർ എംപിക്കാണ് യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി അഡ്വ. അനിൽ തോമസ് നിവേദനം നൽകിയത്. പ്രവാസികൾ നേരിടുന്ന ദുരിതങ്ങൾ സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് നയതന്ത്ര-നിയമ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്. കടുത്ത വേനലിൽ ടെറസുകളിൽ അന്തിയുറങ്ങേണ്ടിവരുന്ന പ്രവാസികളുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

പരാതി പ്രകാരം, ബർ ദുബായ്, കരാമ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്ന സംഘമാണ് കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് ഉയർന്ന പലിശയ്ക്ക് പണം നൽകുന്നത്. വായ്പയ്ക്ക് ഈടായി വാങ്ങുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളിൽ പിന്നീട് വൻതുക രേഖപ്പെടുത്തി വ്യാജ ചെക്ക് കേസുകൾ രജിസ്റ്റർ ചെയ്യുന്നതാണ് ഇവരുടെ പ്രവർത്തനരീതിയെന്നും പരാതിയിൽ പറയുന്നു. വായ്പയും പലിശയും പൂർണമായി തിരിച്ചടച്ചവർക്കെതിരെയും ലക്ഷക്കണക്കിന് ദിർഹത്തിന്റെ ചെക്ക് കേസുകൾ ചുമത്തിയതോടെ നിരവധി പ്രവാസികൾ യാത്രാവിലക്കിൽ അകപ്പെട്ടു. ഇതുമൂലം നാട്ടിലേക്ക് മടങ്ങാനാകാതെ നിയമക്കുരുക്കിലായ പലർക്കും പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയും കുടുംബങ്ങൾ കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപ്പെടുകയും ചെയ്തതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട നിവേദനത്തിൽ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രവാസി ക്ഷേമനിധി ഉപയോഗിച്ച് ഇരകൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ, വ്യാജ ചെക്ക് കേസുകളുമായി ബന്ധപ്പെട്ട യാത്രാവിലക്ക് നീക്കം ചെയ്യുന്നതിനും ഇരകളെ നാട്ടിലെത്തിക്കുന്നതിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയത്തോടും നീതിന്യായ വകുപ്പുമായും ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന മാഫിയയുടെ ഏജന്റുമാരെ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരള പൊലീസും സംയുക്ത അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. അതോടൊപ്പം, നിലവിൽ ദുബായിൽ ദുരിതജീവിതം നയിക്കുന്ന തൊഴിലാളികൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ അടിയന്തര താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy