
ദുബായിലെ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന ‘ഫ്ലെക്സി റെന്റ്സ്’ എന്ന പുതിയ വാടക പദ്ധതി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജൂൺ 23 ചൊവ്വാഴ്ച നിലവിൽ വന്ന ഈ പദ്ധതി, ദുബായിലെ താമസക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റെന്റൽ അഫയേഴ്സ് ഡയറക്ടർ ഖാലിദ് അൽ ഷൈബാനിയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
ഇനി മുതൽ വാർഷിക വാടകയോ ഒന്നിലധികം ചെക്കുകളായോ നൽകുന്ന പഴയ രീതിക്ക് പകരം മാസതവണകളായി വാടക അടയ്ക്കാൻ താമസക്കാർക്ക് സാധിക്കും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക് തുടങ്ങിയ വ്യത്യസ്ത രീതികളിൽ ഈ തുക അടയ്ക്കാവുന്നതാണ്. ഇതിനായി കരാറുകളിൽ പ്രത്യേക ഗ്രേസ് പിരീഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ പങ്കാളികളാകുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ചില സാഹചര്യങ്ങളിൽ വാടക വർദ്ധനവ് ഒഴിവാക്കാനും അധികൃതർ അനുമതി നൽകുന്നുണ്ട്. മാസതവണകളിലേക്ക് മാറുന്ന നിലവിലുള്ള താമസക്കാർക്ക് ലേറ്റ് ഫീസുകൾ പൂർണ്ണമായും ഒഴിവാക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ കമ്പനികളെ ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 12 ലക്ഷത്തോളം വാടക കരാറുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, ദുബായിയെ താമസക്കാർക്ക് കൂടുതൽ സൗഹൃദമായ ഒരു നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്. പുതിയ വാടകക്കാർക്കും നിലവിലുള്ള താമസക്കാർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t