കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ ജാഗ്രതയും വേണം! ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്ന കുട്ടികൾക്കായി മുന്നറിയിപ്പുമായി അധികൃതർ

ഷാർജയിൽ കുട്ടികൾ ഡെലിവറി ആപ്പുകളും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗവും ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനവും വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്.
ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കുട്ടികൾ മാതാപിതാക്കളുടെ അറിവില്ലാതെ ഓർഡർ ചെയ്യുന്നതും, ഡെലിവറി എത്തുമ്പോൾ സ്വയം വാതിൽ തുറന്ന് സാധനങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നതും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് സാഹചര്യം പൂർണമായി മനസിലാക്കാനോ അപകടസാധ്യത തിരിച്ചറിയാനോ എല്ലായ്പ്പോഴും കഴിയില്ലെന്നും മുന്നറിയിപ്പുണ്ട്.

ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള സംഘടന രക്ഷിതാക്കളോട് കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് വ്യക്തമായ പരിധികളും നിയമങ്ങളും നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ അനുമതിയില്ലാതെ കുട്ടികൾ ഓൺലൈൻ ഓർഡറുകൾ ചെയ്യരുതെന്നും, പേയ്‌മെന്റുകൾ നടത്തുകയോ വീടിന്റെ വിലാസം പങ്കിടുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. കുട്ടികൾ ഉപയോഗിക്കുന്ന ഫോണുകളിലും ടാബ്‌ലെറ്റുകളിലും ആപ്പുകളുടെ സെറ്റിംഗുകൾ പരിശോധിക്കണം. ബാങ്ക് കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നത് ഒഴിവാക്കുക, വൺ-ക്ലിക്ക് പേയ്‌മെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുക, വാങ്ങലുകളുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകൾ സജ്ജമാക്കുക, പ്രായത്തിന് അനുയോജ്യമായ പാരന്റൽ കൺട്രോൾ ടൂളുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് അനുമതിയില്ലാതെ വീട്ടുവാതിൽ തുറക്കരുതെന്നും, ഫോൺ നമ്പർ, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടരുതെന്നും കുടുംബങ്ങൾ ബോധവൽക്കരണം നടത്തണം. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തടയുക എന്നതല്ല ലക്ഷ്യം, മറിച്ച് സുരക്ഷിതമായ പരിധികൾ നിർണയിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു, ഇന്ന് ആപ്പുകൾ വഴി കുട്ടികൾക്ക് മുമ്പ് കുടുംബം കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളും സ്വതന്ത്രമായി ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഡിജിറ്റൽ ലോകത്തിലേക്കുള്ള പ്രവേശനം കുട്ടികളുടെ പ്രായത്തിനും ബോധവുമനുസരിച്ച് ഘട്ടംഘട്ടമായി നൽകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy