UAE summer staycation; ഉയർന്ന യാത്രാചെലവും വിസ ലഭിക്കാനുള്ള കാലതാമസവും കാരണം യുഎഇയിലെ പകുതിയോളം താമസക്കാർ ഇത്തവണത്തെ വേനൽക്കാലത്ത് വിദേശയാത്രകൾ ഒഴിവാക്കി രാജ്യത്ത് തന്നെ തുടരാൻ തീരുമാനിച്ചു. പ്രമുഖ റീട്ടെയിൽ സ്ഥാപനമായ മജിദ് അൽ ഫുത്തൈം നടത്തിയ പഠനത്തിലാണ് 47 ശതമാനം താമസക്കാരും ഇത്തവണത്തെ അവധിക്കാലം യുഎഇയിൽ തന്നെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തിയത്. വിവിധ പ്രായത്തിലുള്ള 900 പേർക്കിടയിൽ നടത്തിയ ഈ സർവേയിൽ, 72 ശതമാനം പേരും തങ്ങളുടെ ഒഴിവുസമയം ചെലവഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഷോപ്പിംഗ് മാളുകളിലാണെന്നും വ്യക്തമായി. വിദേശയാത്രകൾ വേണ്ടെന്ന് വെച്ചവരിൽ ഭൂരിഭാഗം പേരും വിമാന ടിക്കറ്റ് നിരക്കിലെ അമിതമായ വർദ്ധനവിനെയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിസ ലഭിക്കുന്നതിലെ നൂലാമാലകളും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും യൂറോപ്പിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വിദേശയാത്രകളിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നു. അതേസമയം, യുഎഇയിലെ വിനോദസഞ്ചാര മേഖലയിലുള്ള വിശ്വാസം വർദ്ധിച്ചതും ഇൻഡോർ വിനോദ സൗകര്യങ്ങളുടെ ലഭ്യതയും വേനൽക്കാലം രാജ്യത്ത് തന്നെ ആസ്വദിക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പമുള്ള വിനോദങ്ങൾക്കും ഭക്ഷണത്തിനുമാണ് താമസക്കാർ ഈ സീസണിൽ കൂടുതൽ പണം ചെലവിടാൻ ആഗ്രഹിക്കുന്നത്. പുറത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ എയർകണ്ടീഷൻ ചെയ്ത ഇൻഡോർ കേന്ദ്രങ്ങൾക്കാണ് ആവശ്യക്കാർ ഏറുന്നത്. ഷോപ്പിംഗ് മാളുകൾ വെറും വ്യാപാര കേന്ദ്രങ്ങൾ എന്നതിലുപരി വിനോദവും ഭക്ഷണവും സമ്മേളിക്കുന്ന പ്രധാന കേന്ദ്രങ്ങളായി മാറിയതും താമസക്കാരെ ആകർഷിക്കുന്നു. പല കുടുംബങ്ങളും വിദേശയാത്രകൾക്ക് പകരം ഹോട്ടലുകളിൽ താമസിച്ച് അവധി ആഘോഷിക്കുന്ന ‘സ്റ്റേക്കേഷനുകൾക്കാണ്’ ഇപ്പോൾ മുൻഗണന നൽകുന്നത്. താമസക്കാരുടെ ഈ താത്പര്യം മുൻനിർത്തി മാൾ ഓഫ് ദി എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ മജിദ് അൽ ഫുത്തൈം ‘മൈ സമ്മർ’ എന്ന പേരിൽ പ്രത്യേക പ്രമോഷനുകളും കുടുംബങ്ങൾക്കായി ആകർഷകമായ ഓഫറുകളും ആരംഭിച്ചിട്ടുണ്ട്. വിദേശയാത്രകൾക്ക് വൻതുക ചെലവാക്കുന്നതിനേക്കാൾ ലാഭകരവും സൗകര്യപ്രദവും യുഎഇയിലെ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള വിനോദങ്ങൾ ആസ്വദിക്കുന്നതാണെന്നാണ് താമസക്കാരുടെ പൊതുവായ അഭിപ്രായം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t