യുഎഇയിൽ റോഡിലെ ‘അഭ്യാസപ്രകടനം’ വിലപ്പോയില്ല; പ്രവാസി ഡ്രൈവർ പോലീസ് പിടിയിൽ, വാഹനം വിട്ടുകിട്ടാൻ നൽകേണ്ടത് ലക്ഷങ്ങൾ!

ദുബായ്: നിയമം കാറ്റിൽപ്പറത്തി ദുബായ് ഹൈവേകളിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഏഷ്യൻ സ്വദേശിയായ പ്രവാസി ഡ്രൈവർ ദുബായ് പോലീസിന്റെ പിടിയിലായി. അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചും, അടിയന്തര സാഹചര്യങ്ങൾക്കായി മാത്രം നീക്കിവെച്ചിട്ടുള്ള റോഡ് ഷോൾഡറിലൂടെ (റോഡിന്റെ വശം) മറ്റ് വാഹനങ്ങളെ മറികടന്നുമായിരുന്നു ഇയാളുടെ അപകടകരമായ യാത്ര. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തിയതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുത്തത്.

ഇയാളുടെ വാഹനം ദുബായ് പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. യുഎഇയിലെ കർശനമായ ഗതാഗത നിയമപ്രകാരം (2023-ലെ ലോക്കൽ ഡിക്രി നമ്പർ 30 അനുസരിച്ച്) ഇത്തരത്തിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനം തിരികെ ലഭിക്കണമെങ്കിൽ ഡ്രൈവർ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയായി ഒടുക്കേണ്ടി വരും.

ഹൈവേകളിൽ അമിതവേഗതയിൽ പെട്ടെന്ന് ലെയ്ൻ മാറുന്നതും വാഹനം വെട്ടിക്കുന്നതും മറ്റ് ഡ്രൈവർമാർക്ക് പ്രതികരിക്കാൻ പോലും സമയം നൽകാത്തതിനാൽ ഏറ്റവും ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് മാത്രം പോകാനുള്ള റോഡ് ഷോൾഡറുകൾ ദുരുപയോഗം ചെയ്യുന്നത് വൻ ദുരന്തങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റോഡുകളിൽ ഇത്തരം നിയമലംഘനങ്ങളോ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ദുബായ് പോലീസിന്റെ ‘Police Eye’ (പോലീസ് ഐ) ആപ്പ് സേവനം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ ‘We Are All Police’ (വി ആർ ഓൾ പോലീസ്) എന്ന സേവനത്തിലൂടെയോ വിവരം അധികൃതരെ അറിയിക്കാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy