
യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വാസമായി ഫീസ് അടയ്ക്കുന്നതിൽ കൂടുതൽ ഇളവുകളും സൗകര്യങ്ങളും ഒരുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വർധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തിക സമ്മർദ്ദവും പരിഗണിച്ചാണ് നിരവധി സ്കൂളുകൾ ഫ്ലെക്സിബിൾ ഫീസ് പേയ്മെന്റ് പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രതിമാസ തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യം, അടവ് കാലാവധി നീട്ടിക്കൊടുക്കൽ, സഹോദരങ്ങൾക്ക് പ്രത്യേക ഇളവുകൾ, സ്കോളർഷിപ്പുകൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിട്ടുള്ളത്. ചില സ്കൂളുകൾ പ്രത്യേക സാഹചര്യങ്ങളിലുള്ള കുടുംബങ്ങൾക്ക് വ്യക്തിഗത സാമ്പത്തിക സഹായ പദ്ധതികളും നൽകുന്നുണ്ട്.
ദുബായിലെ ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷങ്ങളായി ട്യൂഷൻ ഫീസ് വർധിപ്പിക്കാതെ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ചില സ്കൂളുകൾ ക്യാമ്പസ് മാറ്റവുമായി ബന്ധപ്പെട്ട ഫീസുകളും ഘട്ടംഘട്ടമായി അടയ്ക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഗതാഗത ചെലവുകളിലും ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ പഠനം നിർബന്ധമായ ദിവസങ്ങളിൽ ബസ് ഫീസ് ഈടാക്കില്ലെന്ന് ചില സ്കൂളുകൾ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കൾ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രമേ പണം നൽകേണ്ടതുള്ളുവെന്ന നിലപാടാണ് സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ സ്കൂളുകൾ തയ്യാറാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിച്ചു. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതെ തുടരുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t