
ദുബായ്: യുഎഇയിൽ വിമാന ഗതാഗത നിയന്ത്രണങ്ങൾ നീക്കി വ്യോമപാത പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഇതോടെ അറുതിയായിരിക്കുകയാണ്. വരാനിരിക്കുന്ന ബലിപെരുന്നാൾ അവധിക്കും സ്കൂളുകളുടെ വേനലവധിക്കും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത. വിമാന സർവീസുകൾ പഴയ നിലയിലാകുന്നതോടെ ടിക്കറ്റ് നിരക്കുകളിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്.
തിങ്കളാഴ്ച മുതൽ തന്നെ നിരക്കുകളിൽ മാറ്റം പ്രകടമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നതോടെ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം വർദ്ധിക്കുകയും ഇത് ടിക്കറ്റ് നിരക്ക് താഴാൻ കാരണമാവുകയും ചെയ്യും. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് മാസാവസാനത്തോടെ വരുന്ന ബലിപെരുന്നാൾ അവധിയും അതിന് പിന്നാലെ വരുന്ന സ്കൂൾ മധ്യവേനൽ അവധിയും പ്രമാണിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇരിക്കുന്നവർക്ക് ഈ തീരുമാനം വലിയ തണലാകും.
നിലവിൽ സി.ഐ.എസ് രാജ്യങ്ങളിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും ഉള്ള യാത്രക്കാർക്കാണ് ഇതിന്റെ ഗുണം പെട്ടെന്ന് ലഭിക്കുക. എന്നാൽ ദീർഘദൂര സർവീസുകളായ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കുകൾ സാധാരണ നിലയിലാകാൻ ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇന്ധനവിലയിലെ മാറ്റങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങൾ മാറിയത് വിമാനക്കമ്പനികൾക്ക് കൂടുതൽ ലാഭകരമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കും. സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t