
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് വിമാന യാത്ര കൂടുതൽ ചെലവേറിയതായി മാറാൻ സാധ്യത. ആഗോള തലത്തിൽ ജെറ്റ് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കൂടുകയും ചില സർവീസുകൾക്ക് തടസ്സം നേരിടുകയും ചെയ്യാമെന്ന് എയർലൈൻ കമ്പനികൾ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവിലയിൽ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിരക്ക് കുത്തനെ ഉയർന്നു. നിലവിൽ ആഭ്യന്തര ഇന്ധനവില കിലോലിറ്ററിന് ഏകദേശം 1,04,927 രൂപയാണെങ്കിൽ, അന്താരാഷ്ട്ര സർവീസുകൾക്കുള്ളത് 1,42,425 രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും ആഗോള എണ്ണവില വർധിക്കാൻ കാരണമായി. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളർ വരെ ഉയർന്നു. ഇതോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതും എയർലൈൻ കമ്പനികൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നു. വിമാന ലീസ് ചെലവുകളും എയർപോർട്ട് ഫീസുകളും അടയ്ക്കുന്നതിനുള്ള ചെലവ് വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യൻ എയർലൈൻ കമ്പനികൾ സർവീസുകൾ കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനെ അറിയിച്ചു.
ഇന്ധനച്ചെലവ് ഉയരുന്നത് ഗൾഫ്–ഇന്ത്യ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കൂടി ഉയരാൻ ഇടയാക്കും. ചില വിമാന സർവീസുകൾ കുറയ്ക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ സീറ്റുകളുടെ ക്ഷാമവും നേരിടേണ്ടി വരാം. ഇന്ത്യയിൽ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ‘ഇംപോർട്ട് പാരിറ്റി’ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. അതിനാൽ ദുബായ്, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനച്ചെലവ് കൂടുതലാണ്. ഈ സാഹചര്യം പരിഹരിക്കാൻ ചില നടപടികൾ പരിഗണനയിലുണ്ടെങ്കിലും ഉടൻ ആശ്വാസം ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t