
ഗൾഫ് മേഖലയിൽ യുദ്ധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 23 ബാലസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തു. ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ദുബായ് മറീനയിലും ഒറാക്കിൾ ബിൽഡിംഗ് പരിസരത്തും പതിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ യുഎഇയിൽ 13 മരണങ്ങളും 217 പരിക്കുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടെ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെ നടന്ന അക്രമങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും രാജ്യം ശക്തമായി അപലപിച്ചു.
ഇറാനിലും സ്ഥിതിഗതികൾ പ്രക്ഷുബ്ധമാണ്. ബുഷെഹറിലെ ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൂടാതെ തെക്കുപടിഞ്ഞാറൻ ഇറാനിലെ പെട്രോകെമിക്കൽ ഹബ്ബ് ലക്ഷ്യമിട്ടുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഇറാനും കുവൈറ്റിനും മുകളിലായി രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ തകർന്നു വീണതും സംഘർഷത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രധാന നഗരങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t