
കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; കോസ്റ്റ് ഗാർഡ് പിടികൂടിയത് 1.3 മില്യൺ ദിനാറിൻ്റെ ലഹരിവസ്തുക്കൾ
കുവൈത്തിലേക്ക് കടൽ മാർഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശക്തമായ ഇടപെടലിലൂടെ തകർത്തു. ഓപ്പറേഷനിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രവാസിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.
സമുദ്ര നിരീക്ഷണം നടത്തുന്ന ഡ്രോണുകളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിംഗിനിടെയാണ് സംശയാസ്പദമായ ഒരു ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. ബോട്ട് നിരീക്ഷിച്ചപ്പോൾ തീരപ്രദേശത്ത് നിന്ന് മൂന്ന് പേർ ബാഗുകൾ ബോട്ടിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ തീരസംരക്ഷണ സേന സ്ഥലത്തെത്തി ബോട്ട് തടഞ്ഞുനിർത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ ബോട്ടിൽ നിന്ന് 319 പാക്കറ്റുകളിലായി എട്ട് ബാഗുകൾ നിറയെ മയക്കുമരുന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 1.3 മില്യൺ കുവൈത്ത് ദിനാർ (ഏകദേശം 35 കോടി രൂപ) വിലവരും. പിടിയിലായവരിൽ രണ്ട് പേർ സ്വദേശികളായ സുരക്ഷാ ഉദ്യോഗസ്ഥരും ഒരാൾ പ്രവാസിയുമാണ്.
നിയമത്തിന് ആരും അതീതരല്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ വിതരണത്തിനും ഉപയോഗത്തിനും എതിരെ കർശന നടപടികൾ തുടരുമെന്നും, രാജ്യത്തെ കര, കടൽ അതിർത്തികളിൽ മയക്കുമരുന്ന് കടത്ത് തടയാൻ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും അധികൃതർ ആവർത്തിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)