
Ras Al Khaimah hotel beaches; എണ്ണ ടാങ്കറിൽ നിന്നുള്ള ചോർച്ചയെ തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന എമിറേറ്റിലെ എല്ലാ ഹോട്ടൽ ബീച്ചുകളും വീണ്ടും തുറക്കുന്നതായി റാസൽഖൈമ പ്രഖ്യാപിച്ചു. എമിറേറ്റിലെ വിവിധ ഹോട്ടലുകളിലെ ബീച്ചുകൾ സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തതായി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും ബീച്ചുകളിൽ എത്തുന്നവർ കർശനമായി പാലിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു. 2026 ഒക്ടോബർ 24-നാണ് എമിറേറ്റിലെ എല്ലാ ബീച്ചുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായി റാസൽഖൈമ പ്രഖ്യാപിച്ചത്. ഒക്ടോബർ 23-ന് ഉമ്മുൽഖുവൈൻ തീരത്തിന് സമീപം ഒരു ടാങ്കറിൽ നിന്ന് എണ്ണ ചോർന്നതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു മുൻകരുതൽ നടപടിയെന്ന നിലയിൽ ബീച്ചുകൾ അടച്ചത്. ഈ മാസം ആദ്യം പൊതുബീച്ചുകളും പ്രമുഖ റിസോർട്ടുകളിലെ ബീച്ചുകളും ഉൾപ്പെടെ റാസൽഖൈമയിലെ ഏഴ് ബീച്ചുകൾ വീണ്ടും തുറന്നിരുന്നു. ഫ്ലെമിംഗോ ബീച്ച്, ദഹാൻ ബീച്ച്, അൽ മൈരീദ് ബീച്ച്, അൽ റാംസ് കോർണിഷ് എന്നിവയും മൂന്ന് റിസോർട്ട് ബീച്ചുകളുമാണ് അന്ന് തുറന്നുകൊടുത്തത്. അനന്തര മിന അൽ അറബ് റിസോർട്ട് ബീച്ച്, ഇന്റർകോണ്ടിനെന്റൽ മിന അൽ അറബ് റിസോർട്ട് ആൻഡ് സ്പാ ബീച്ച്, ദ കോവ് റൊട്ടാന റിസോർട്ട് ബീച്ച് എന്നിവയാണ് നേരത്തെ തുറന്ന റിസോർട്ട് ബീച്ചുകളിൽ ഉൾപ്പെടുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t