
Abu Dhabi Police black point reduction; യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്ക് ട്രാഫിക് റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്ന പദ്ധതി അബുദാബി പോലീസ് പ്രഖ്യാപിച്ചു. ‘സെലിബ്രേറ്റ് സേഫ്ലി’ (സുരക്ഷിതമായി ആഘോഷിക്കൂ) എന്ന പദ്ധതിയുടെ ഭാഗമായി, വാഹനമോടിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ഗതാഗത സുരക്ഷാ പ്രതിജ്ഞയിൽ ഒപ്പിടുകയും വേണം. 2026 ഡിസംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ യാതൊരുവിധ ഗതാഗത നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കരുതെന്നതാണ് പ്രധാന വ്യവസ്ഥ. ആഘോഷങ്ങളുമായും വാഹനങ്ങളുടെ അലങ്കാരങ്ങളുമായും ബന്ധപ്പെട്ട നിർദ്ദേശങ്ങളും പാലിച്ചിരിക്കണം. es.adpolice.gov.ae/celebratesafely എന്ന വെബ്സൈറ്റ് http://es.adpolice.gov.ae/celebratesafely വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ദേശീയ ദിനാഘോഷ വേളയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനാഭിപ്രായ സർവേ നടത്തിയിരുന്നു. ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതും റോഡ് സുരക്ഷയിൽ പൊതുപങ്കാളിത്തം ഉറപ്പാക്കുന്നതുമായ ഇത്തരം പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിച്ചത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സ്മാർട്ട് റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനും ദേശീയ ആഘോഷ വേളകളിൽ ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുമായി തുടർന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് പോലീസ് അറിയിച്ചു.
ആഘോഷ വേളയിൽ പാലിക്കേണ്ട കർശന മാർഗനിർദ്ദേശങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പൊതുനിരത്തുകളിൽ അനുമതിയില്ലാതെ വാഹനവ്യൂഹങ്ങളോ കൂട്ടായ്മകളോ സംഘടിപ്പിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. ഗതാഗതം തടസ്സപ്പെടുത്തുക, റോഡുകൾ ബ്ലോക്ക് ചെയ്യുക, മറ്റ് വാഹനങ്ങളുടെ നീക്കത്തിന് തടസ്സം സൃഷ്ടിക്കുക എന്നിവ പാടില്ല. ഡ്രൈവർമാരോ യാത്രക്കാരോ കാൽനടക്കാരോ പാർട്ടി സ്പ്രേകൾ ഉപയോഗിക്കരുത്. വാഹനങ്ങളുടെ ജനാലകളിലൂടെയോ സൺറൂഫിലൂടെയോ യാത്രക്കാർ പുറത്തേക്ക് ചാഞ്ഞുനിൽക്കുന്നത് അനുവദിക്കില്ല. കൂടാതെ, റോഡുകളിലെ അഭ്യാസപ്രകടനങ്ങളും അപകടകരമായ പെരുമാറ്റവും ഒഴിവാക്കുകയും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. വാഹനങ്ങൾ അലങ്കരിക്കുന്നതിലും കർശന നിയന്ത്രണങ്ങളുണ്ട്. വിൻഡ്സ്ക്രീനുകളിലോ വശങ്ങളിലെ ജനാലകളിലോ സ്റ്റിക്കറുകൾ ഒട്ടിച്ച് മറയ്ക്കാനോ, മുൻവശത്തെ വിൻഡ്സ്ക്രീനിൽ സൺഷെയ്ഡുകൾ ഉപയോഗിക്കാനോ പാടില്ല. ശബ്ദമുണ്ടാക്കുന്ന സാമഗ്രികൾ ഘടിപ്പിക്കൽ, വാഹനത്തിന്റെ ബോഡിയിലോ എൻജിനിലോ അനധികൃത മാറ്റങ്ങൾ വരുത്തൽ, കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ആക്സസറികൾ സ്ഥാപിക്കൽ എന്നിവയ്ക്കും വിലക്കുണ്ട്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട സ്കാർഫുകൾ മാത്രമാണ് വാഹനങ്ങളിൽ അനുവദിക്കുക. നമ്പർ പ്ലേറ്റുകൾ മറയ്ക്കാനോ, വാഹനത്തിന്റെ നിറം മാറ്റാനോ, മുൻവശത്തെ വിൻഡ്സ്ക്രീൻ ടിന്റ് ചെയ്യാനോ നിറം നൽകാനോ പാടില്ല. ഗതാഗത സുരക്ഷാ പ്രതിജ്ഞ പാലിച്ചും ഉത്തരവാദിത്തത്തോടെ വാഹനമോടിച്ചും ഈ അവസരം പ്രയോജനപ്പെടുത്താൻ അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ആഘോഷ വേളയിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും എല്ലാ റോഡ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യമുണ്ടെന്നും പോലീസ് ഓർമ്മിപ്പിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t