
ഒരു നിമിഷത്തെ അപകടം ജീവിതത്തെ തന്നെ മാറ്റിമറിച്ചെങ്കിലും മരണത്തിന് കീഴടങ്ങാൻ തയ്യാറാകാതെ പോരാടിയ ഇന്ത്യൻ പ്രവാസി യുവതി ഇന്ന് ജീവിതത്തിലേക്ക് പൂർണമായി തിരിച്ചെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ ജലേസർ സ്വദേശിയും ഷെംഫോർഡ് ഫ്യൂച്ചറിസ്റ്റിക് സ്കൂൾ ഡയറക്ടറുമായ ആസ്ഥ കൻവർ ഗൗതം (30) ആണ് ദുബായിൽ നടന്ന ഗുരുതര വാഹനാപകടത്തെ അതിജീവിച്ച് മാതൃത്വത്തിന്റെ സന്തോഷത്തിലേക്ക് തിരിച്ചെത്തിയത്. 2026 ജനുവരി ഏഴിനായിരുന്നു ആസ്ഥയുടെ ജീവിതം മാറ്റിമറിച്ച അപകടം. ദുബായ് നഗരത്തിലൂടെ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടസമയത്ത് ആസ്ഥ പൂർണ ഗർഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കരളിനും പ്ലീഹയ്ക്കും ഗുരുതരമായി പരുക്കേറ്റതോടെ ശരീരത്തിനുള്ളിൽ ശക്തമായ രക്തസ്രാവമുണ്ടായി. ഇടുപ്പിനും ഇടത് കൈമുട്ടിനും അസ്ഥികൾക്ക് പൊട്ടലുണ്ടായി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ ഒരേസമയം അപകടത്തിലായ സാഹചര്യത്തിലായിരുന്നു ആശുപത്രിയിലെത്തിച്ചത്.
ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലെ എൻഎംസി റോയൽ ആശുപത്രിയിൽ ആസ്ഥയ്ക്ക് അടിയന്തര ചികിത്സ ആരംഭിച്ചു. ശസ്ത്രക്രിയ, പ്രസവചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാർ ഏകോപിച്ച് ചികിത്സ നടത്തി. ജീവൻ രക്ഷിക്കുന്നതിനായി പ്ലീഹ അടിയന്തരമായി നീക്കം ചെയ്യുകയും ആന്തരിക രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞപ്പോഴും ഗർഭസ്ഥ ശിശുവിനെ സുരക്ഷിതമായി നിലനിർത്താൻ ഡോക്ടർമാർക്ക് സാധിച്ചു. ഒടുവിൽ ഫെബ്രുവരി 10ന്, അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോൾ, ഗർഭകാലം 38 ആഴ്ചയായിരിക്കെ സി-സെക്ഷനിലൂടെ ആസ്ഥ പെൺകുഞ്ഞിന് ജന്മം നൽകി. ‘ത്രിയാംബിക ഓജസ്വി ആസ്ഥ’ എന്നാണ് കുഞ്ഞിന് പേര് നൽകിയത്.
എന്നാൽ കുഞ്ഞിന്റെ ജനനത്തോടെ ആസ്ഥയുടെ പോരാട്ടം അവസാനിച്ചില്ല. തുടർന്നുള്ള മാസങ്ങൾ നിരവധി ശസ്ത്രക്രിയകളും കടുത്ത വേദനകളും നിറഞ്ഞതായിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതുൾപ്പെടെ അഞ്ച് വലിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായി. കുഞ്ഞിനെ എടുത്തുയർത്താൻ പോലും കഴിയാത്ത തരത്തിലുള്ള ശാരീരിക പരിമിതികൾ നേരിട്ടെങ്കിലും ഫിസിയോതെറാപ്പിയും തുടർച്ചയായ ചികിത്സയും വഴി പതിയെ ആരോഗ്യം വീണ്ടെടുത്തു. ഇടത് കൈമുട്ടിലെ പരുക്ക് പൂർണമായി മാറിയിട്ടില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ആസ്ഥ മുന്നോട്ടുപോയി. അടുത്തിടെ ജോർദാനിലെ പെട്രയിൽ 10 കിലോമീറ്റർ ട്രെക്കിങ് പൂർത്തിയാക്കുകയും ചെയ്തു.
ഒരിക്കൽ ഗർഭിണിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം സുംബ നൃത്തം ചെയ്ത് സമയം ചെലവഴിച്ചിരുന്ന ആസ്ഥ ഇന്ന് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി യോഗ പരിശീലിക്കുകയാണ്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും പരിശീലനത്തിന് ഒപ്പം കൊണ്ടുവരുന്ന ആസ്ഥയ്ക്ക് ഭർത്താവ് ഓജസ്വി ഗൗതമിന്റെ പിന്തുണയുമുണ്ട്. മാസങ്ങളോളം നീണ്ട ആശുപത്രിവാസവും ശസ്ത്രക്രിയകളും അതിജീവിച്ച ആസ്ഥ ഇന്ന് മകളുടെ ഓരോ ചിരിയിലും ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുകയാണ്. ഗുരുതരമായ അപകടത്തിന് ശേഷവും ആത്മവിശ്വാസം കൈവിടാതെ മുന്നേറിയ അവരുടെ ജീവിതം പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെ ഉദാഹരണമായി മാറുകയാണ്.