
Dubai Municipality food safety warning;റസ്റ്ററന്റുകളിൽ നിന്നും മറ്റും ചുട്ട കോഴിയിറച്ചിക്കൊപ്പം ലഭിക്കുന്ന ഗ്രേവി ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കോഴിയിറച്ചി ചുടുന്ന യന്ത്രത്തിന്റെ അടിഭാഗത്ത് ഊർന്നുവീഴുന്ന കൊഴുപ്പും നീരും ശേഖരിച്ച് ഗ്രേവിയായി വിളമ്പുന്ന രീതിയാണ് അധികൃതർ കർശനമായി നിരോധിച്ചത്. പച്ച കോഴിയിറച്ചിയിൽ നിന്നുള്ള നീര് ഈ ദ്രാവകത്തിൽ കലരാനും, വേണ്ടത്ര ചൂടാകാത്തതിനാൽ അപകടകാരികളായ രോഗാണുക്കൾ നശിക്കാതെ നിലനിൽക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇതിന് പുറമെ, ചുട്ടെടുത്ത കോഴിക്ക് മുകളിലായി പച്ച കോഴിയിറച്ചി വെച്ച് ചുടുന്നതും വലിയ സുരക്ഷാവീഴ്ചയാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. മുകളിലുള്ള പച്ചമാംസത്തിൽ നിന്നുള്ള സ്രവം താഴെയുള്ള വേവിച്ച ഇറച്ചിയിലേക്ക് ഇറ്റുവീണ് ഭക്ഷണം മലിനമാകാൻ ഇത് ഇടയാക്കും. അതുപോലെ, പകുതി മാത്രം വിറ്റുപോയ കോഴിയുടെ ബാക്കിഭാഗം വീണ്ടും ചുടുന്ന യന്ത്രത്തിൽ വെക്കുന്നതും അപകടകരമാണ്; ഇത്തരത്തിൽ ബാക്കിവരുന്ന ഇറച്ചി കൃത്യമായ താപനിലയിൽ തന്നെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
രാജ്യാന്തര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയിലാണ് മുനിസിപ്പാലിറ്റി ഈ സുരക്ഷാ നിർദേശങ്ങൾ വ്യക്തമാക്കിയത്. ഈ പരിശീലനത്തിലൂടെ രണ്ട് ഗിന്നസ് ലോക റെക്കോർഡുകളും ദുബായ് മുനിസിപ്പാലിറ്റി സ്വന്തമാക്കി. ഭക്ഷ്യസുരക്ഷാ പരിശീലനത്തിൽ ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതിനും, ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായതിനുമാണ് ഇരട്ട റെക്കോർഡുകൾ ലഭിച്ചത്. റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ചുട്ട കോഴിയിറച്ചി വിൽപന നടത്തുന്ന ജീവനക്കാരെയും ചുമതലക്കാരെയും പങ്കെടുപ്പിച്ചായിരുന്നു പരിശീലനം. ഭക്ഷണം പാകം ചെയ്യുന്നത് മാത്രമല്ല, അത് വൃത്തിയായി കൈകാര്യം ചെയ്യുന്നതും ശരിയായ രീതിയിൽ സൂക്ഷിക്കുന്നതും ശുചിത്വം പാലിക്കുന്നതും ഭക്ഷ്യസുരക്ഷയിൽ ഒരുപോലെ പ്രധാനമാണെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ ഭക്ഷ്യസുരക്ഷാ വിദഗ്ധൻ ബോബി കൃഷ്ണ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു. ഇതിനായി 800 900 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് പരാതികൾ അറിയിക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t