
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാൻ ശ്രമിക്കുന്നവർക്ക് 2027 ജനുവരി ഒന്നു മുതൽ പരീക്ഷ കൂടുതൽ കർശനമാകും. ഡ്രൈവിങ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് നേടിയാലും ഗുരുതരമായ പിഴവുകൾ വരുത്തിയാൽ പരാജയപ്പെടാം. റോഡ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പുതിയ ഫെഡറൽ ഗതാഗത നിയമപ്രകാരമാണ് മാറ്റങ്ങൾ. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ അപകടസാധ്യത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയാൽ ആകെ മാർക്ക് പരിഗണിക്കാതെ ഉദ്യോഗാർഥിയെ പരാജയപ്പെടുത്താം. വാഹനം നിയന്ത്രണം വിട്ട് മുന്നോട്ടോ പിന്നോട്ടോ നീങ്ങുക, ബാരിക്കേഡുകളിലോ അതിർത്തികളിലോ തട്ടുക, ഗിയർ മാറ്റുന്നതിൽ ഗുരുതരമായ പിഴവുകൾ വരുത്തുക, നിർദേശിച്ച സ്ഥലത്ത് വാഹനം ശരിയായി പാർക്ക് ചെയ്യാതിരിക്കുക, ട്രാഫിക് സിഗ്നലുകളും റോഡ് അടയാളങ്ങളും അവഗണിക്കുക തുടങ്ങിയവ പരാജയത്തിന് കാരണമാകാം.
ബൈക്ക് ലൈസൻസിനുള്ള പരീക്ഷയിലും പ്രത്യേക നിബന്ധനകളുണ്ട്. യാത്രയ്ക്കിടെ പഠിതാവ് കാൽ നിലത്ത് കുത്തുകയോ അപകടം ഒഴിവാക്കാൻ പരീക്ഷകന്റെ വാക്കാലുള്ള നിർദേശമോ നേരിട്ടുള്ള ഇടപെടലോ ആവശ്യമായി വരികയോ ചെയ്താൽ പരാജയപ്പെടാം. എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതും വാഹനം നിയന്ത്രിക്കുന്നതും മുതൽ കയറ്റങ്ങളിലും ചരിവുകളിലും ഡ്രൈവ് ചെയ്യൽ, പാർക്കിങ്, ലേൻ മാറൽ, ഇൻഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗം, ജങ്ഷനുകളും റൗണ്ട് എബൗട്ടുകളും കടക്കൽ, സുരക്ഷിതമായി ഓവർടേക്ക് ചെയ്യൽ എന്നിവയെല്ലാം പ്രാക്ടിക്കൽ പരീക്ഷയിൽ വിലയിരുത്തും. തിയറി പരീക്ഷയിലും 100ൽ കുറഞ്ഞത് 75 മാർക്ക് നേടണം. പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി നിശ്ചയിക്കുന്ന തീയതിയിൽ വീണ്ടും പരീക്ഷ എഴുതാം. പുതിയ ചട്ടങ്ങൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. അതിനാൽ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനായി തയ്യാറെടുക്കുന്നവർക്ക് മാർക്ക് നേടുന്നതിനൊപ്പം സുരക്ഷിതമായി വാഹനം ഓടിക്കാനുള്ള കഴിവും നിർണായകമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t