ഗതാഗതക്കുരുക്കിന് വിട: ദുബായ് വേൾഡ് ട്രേഡ് സെന്റർ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും; യാത്രാസമയം ഒരു മിനിറ്റായി കുറയും

ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ അവസാന പാലം ഒക്ടോബർ 30-ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് ബന്ധിപ്പിക്കുന്ന 1,000 മീറ്റർ നീളമുള്ള ഈ പുതിയ പാലത്തിന് മണിക്കൂറിൽ 3,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പുതിയ പാലം പ്രവർത്തനസജ്ജമാകുന്നതോടെ ഈ രണ്ടു പ്രധാന റോഡുകൾക്കിടയിലെ യാത്രാസമയം ആറു മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി ചുരുങ്ങും. പദ്ധതി പൂർണ്ണതോതിൽ പൂർത്തിയാകുന്നതോടെ മേഖലയിലെ വാഹനത്തിരക്കിന് ശാശ്വത പരിഹാരമാകുമെന്ന് ആർടിഎ ചൂണ്ടിക്കാട്ടി. ജംങ്ഷനിലെ നിലവിലെ ശരാശരി കാത്തിരിപ്പുസമയം 12 മിനിറ്റിൽ നിന്ന് വെറും 90 സെക്കൻഡായി കുറയും. 69.6 കോടിയിലധികം ദിർഹം ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയിൽ ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് മേൽപ്പാലങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, സബീൽ, അൽ സത്‌വ, അൽ കരാമ തുടങ്ങി ദുബായിലെ പ്രധാനപ്പെട്ട ബിസിനസ്-റെസിഡൻഷ്യൽ മേഖലകളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന താമസക്കാർക്കും ദിവസേനയുള്ള യാത്രക്കാർക്കും പദ്ധതി വലിയ ആശ്വാസമേകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version