ഫുഡ് ഡെലിവറിയിൽ വ്യാജ പരാതി, ലക്ഷ്യം റീഫണ്ട്; യുഎഇയിൽ കഫെയെ ചതിക്കാൻ നോക്കി പണി പാളി

ദുബായ്: ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്ത ശേഷം വ്യാജ പരാതികൾ നൽകി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യത്യസ്തമായ എഐ ചതി പുറത്ത്. ഓർഡർ ചെയ്ത ഭക്ഷണം നശിച്ച നിലയിലാണെന്ന് കാണിച്ച് കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ചിത്രം നൽകി റീഫണ്ട് ആവശ്യപ്പെട്ട ഉപഭോക്താവാണ് ദുബായിൽ കുടുങ്ങിയത്. ദേരയിലെ അൽ മുറഖബാദിൽ പ്രവർത്തിക്കുന്ന ‘താഹോ അവന്യൂ’ (Taho Avenue) എന്ന പ്രശസ്തമായ കഫെയ്ക്ക് നേരെയാണ് ഈ എഐ തട്ടിപ്പ് നടന്നത്. കഫെയിൽ നിന്ന് വാങ്ങിയ പാനീയങ്ങൾ മറിഞ്ഞുവീണ് പായ്ക്കറ്റ് മുഴുവൻ ചീത്തയായ നിലയിലുള്ള ചിത്രമാണ് പരാതിക്കാരൻ ആപ്പിൽ അപ്‌ലോഡ് ചെയ്തത്. എന്നാൽ ബാഹ്യമായി ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിച്ച ചിത്രത്തിൽ കഫെ ഉടമകൾ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തായത്. ഉപഭോക്താവ് ഓർഡർ ചെയ്തത് ‘ബോബ’ (Boba) ഡ്രൈങ്കായിരുന്നു. എന്നാൽ എഐ നിർമ്മിച്ച ചിത്രത്തിൽ കണ്ടത് ‘സാഗോ’ (Sago) എന്ന ഏഷ്യൻ ഡെസേർട്ട് ചേരുവയായിരുന്നു. കപ്പുകളിൽ എഴുതിയിരുന്ന വാക്കുകളും അക്ഷരങ്ങളും താഹോ അവന്യൂവിന്റെ ഔദ്യോഗിക ബ്രാൻഡിംഗുമായി ഒട്ടും യോജിക്കുന്നതായിരുന്നില്ല. കഫെ ഉപയോഗിക്കുന്ന കപ്പുകളുടെയും അടപ്പുകളുടെയും രൂപമല്ല ചിത്രത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയ കഫെ അധികൃതർ പിന്നീട് പോസ്റ്റ് പിൻവലിച്ചെങ്കിലും, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന ഇത്തരം വ്യാജ റീഫണ്ട് പരാതികൾ ചെറുകിട സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. ആപ്പുകളുടെ റീഫണ്ട് നയങ്ങൾ ദുരുപയോഗം ചെയ്ത് സൗജന്യമായി ഭക്ഷണം തട്ടിയെടുക്കാൻ എഐ ചിത്രങ്ങൾ ഉപയോഗിക്കുന്ന പുതിയ പ്രവണത വ്യാപാരികൾക്കിടയിൽ വലിയ ജാഗ്രതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version