
യുഎഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായോ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്കൻ, കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കാം. രാജ്യത്ത് പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
അബുദാബിയിലും ഷാർജയിലും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമ്പോൾ ദുബായിൽ 34 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. കുറഞ്ഞ താപനില ഷാർജയിൽ 25 ഡിഗ്രിയും അബുദാബിയിലും ദുബായിലും 26 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അതേസമയം, ചില തീരദേശ, ഉൾനാടൻ മേഖലകളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷ ഈർപ്പം വർധിച്ചേക്കും. ഇതോടെ ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.