A Safe UAE Starts with Your Digital Awareness; യുഎഇ; ബാങ്ക് വിവരങ്ങൾ ചോർത്തും, പണം തട്ടും: വ്യാജ പാർട്ട് ടൈം തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ്

A Safe UAE Starts with Your Digital Awareness; ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കാനും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിൽ കുരുക്കാനും ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പാർട്ട് ടൈം തൊഴിൽ തട്ടിപ്പുകൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ്. ആകർഷകമായ പരസ്യങ്ങൾ നൽകി അധിക വരുമാനം വാഗ്ദാനം ചെയ്യുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്ന് പൊലീസ് നിർദേശിച്ചു. ഒക്ടോബറിലെ സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി യുഎഇ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന ഡിജിറ്റൽ അവബോധത്തിലൂടെ സുരക്ഷിത യുഎഇ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അധിക വരുമാനം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിലൂടെയും മെസ്സേജിങ് ആപ്പുകളിലൂടെയും ആകർഷകമായ പാർട്ട് ടൈം തൊഴിൽ പരസ്യങ്ങൾ നൽകുന്നത്. ഉദ്യോഗാർത്ഥികളെ വശീകരിച്ച് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്വന്തമാക്കുകയോ, ക്രിമിനൽ സംഘങ്ങളുടെ കള്ളപ്പണ ഇടപാടുകൾക്കായി ഇവരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുകയോ ആണ് ഇവരുടെ പ്രധാന ലക്ഷ്യം.

  • ജോലിക്കായി പണം നൽകരുത്: ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് യഥാർത്ഥ കമ്പനികൾ പണമോ പ്രോസസിങ് ഫീസോ ആവശ്യപ്പെടില്ല. പണം ആവശ്യപ്പെടുന്ന ഓഫറുകൾ തട്ടിപ്പാണ്.
  • ബാങ്ക് വിവരങ്ങളും ഒ.ടി.പിയും കൈമാറരുത്: തൊഴിൽ വാഗ്ദാനം ചെയ്യുന്ന ആരുമായും ബാങ്ക് വിവരങ്ങളോ, കാർഡ് നമ്പറുകളോ, വൺ-ടൈം പാസ്‌വേഡുകളോ (OTP) പങ്കുവെക്കരുത്.
  • സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക: സോഷ്യൽ മീഡിയ വഴിയോ വാട്‌സ്ആപ്പ് പോലുള്ള മെസ്സേജിങ് ആപ്പുകൾ വഴിയോ വരുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
  • കമ്മീഷൻ നൽകിയുള്ള പണമിടപാടുകൾ അതീവ അപകടകരം: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന പണം മറ്റൊരാൾക്ക് അയച്ചുകൊടുത്താൽ കമ്മീഷൻ നൽകാമെന്ന് പറയുന്ന തൊഴിൽ വാഗ്ദാനങ്ങൾ അതീവ ജാഗ്രതയോടെ കാണണം. ഇത് നിയമവിരുദ്ധ പണമിടപാടുകളോ കള്ളപ്പണം വെളുപ്പിക്കലോ (Money Mule) ആകാൻ സാധ്യതയുണ്ട്. ഇത്തരം ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും ഉടനടി അവസാനിപ്പിക്കണം.

ഔദ്യോഗിക ലൈസൻസും കൃത്യമായ വിലാസവുമുള്ള അംഗീകൃത കമ്പനികൾ മാത്രമേ നിയമപരമായ തൊഴിൽ ഓഫറുകൾ നൽകാറുള്ളൂ. അത്തരം സ്ഥാപനങ്ങൾ കൃത്യമായ നിയമന മാനദണ്ഡങ്ങളും സേവന-വേതന വ്യവസ്ഥകളും പാലിക്കും. സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിനോ ഓഫറുകൾ സ്വീകരിക്കുന്നതിനോ മുമ്പ് ഔദ്യോഗിക ചാനലുകൾ വഴി കമ്പനിയുടെ രജിസ്ട്രേഷൻ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണം. വ്യാജ തൊഴിൽ ഓഫറുകളോ, സംശയാസ്പദമായ സമൂഹമാധ്യമ അക്കൗണ്ടുകളോ, വ്യാജ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ‘eCrime’ (ഇ-ക്രൈം) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ മാത്രമേ ഇത്തരം ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകൂ എന്ന് പൊലീസ് ഓർമ്മിപ്പിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *