
UAE labour law fines; സ്വകാര്യ മേഖലയിലെ ഗുരുതരമായ അഞ്ച് തൊഴിൽ നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം (ഏകദേശം 2.25 കോടി രൂപയിലധികം) വരെ പിഴ ചുമത്തുമെന്ന് കമ്പനികൾക്ക് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) കർശന മുന്നറിയിപ്പ്. തൊഴിലാളികളെ നിയമിക്കുന്നതിനും ജോലിക്കെടുക്കുന്നതിനും മുമ്പ് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. തൊഴിൽ വിപണിയിലെ നിയമങ്ങൾ പാലിക്കുക എന്നത് കമ്പനികളുടെ ഔദാര്യമല്ലെന്നും നിയമപരമായ ബാധ്യതയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ ബന്ധങ്ങൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
- അനുമതിയില്ലാതെ തൊഴിലാളികളെ ജോലിക്കുവെക്കൽ
മന്ത്രാലയത്തിൽ നിന്ന് കൃത്യമായ വർക്ക് പെർമിറ്റ് എടുക്കാതെ തൊഴിലാളികളെ ജോലിക്കുവെക്കുന്നത് ഗുരുതര നിയമലംഘനമാണ്. ജീവനക്കാരൻ ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുയോജ്യമായ പെർമിറ്റ് എടുത്തിരിക്കണം. ഏത് തരം ജോലിയാണെങ്കിലും അനുമതിയില്ലാതെ ജോലി ചെയ്യിക്കുന്നത് പിഴയ്ക്ക് കാരണമാകും.
- ജോലി നൽകാതെ വിസയിൽ കൊണ്ടുവരുകയോ നിലനിർത്തുകയോ ചെയ്യൽ
ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയോ വിസയിൽ എടുക്കുകയോ ചെയ്ത ശേഷം യഥാർത്ഥത്തിൽ ജോലി നൽകാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കമ്പനികൾ തങ്ങളുടെ യഥാർത്ഥ തൊഴിൽ ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം വിസകൾ ഉപയോഗിക്കേണ്ടത്. ജോലി നൽകാതെ തൊഴിലാളികളെ വെറുതെ ഇരുത്തുന്നതും രേഖകളിൽ മാത്രം നിലനിർത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
- വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യൽ
ഒരു പ്രത്യേക ആവശ്യത്തിന് അനുവദിച്ച വർക്ക് പെർമിറ്റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. ഓരോ പെർമിറ്റിനും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും ജീവനക്കാരൻ ചെയ്യാൻ അധികാരമുള്ള ജോലിയുടെ സ്വഭാവവും കൃത്യമായി പാലിക്കണം. തൊഴിലിന്റെ സ്വഭാവത്തിനും തൊഴിലാളിയുടെ സാഹചര്യത്തിനും അനുയോജ്യമായ പെർമിറ്റ് മാത്രമേ തൊഴിലുടമകൾ തിരഞ്ഞെടുക്കാവൂ.
- തൊഴിലാളികളുടെ സ്റ്റാറ്റസ് തീർപ്പാക്കാതെ സ്ഥാപനം പൂട്ടൽ
തൊഴിലാളികളുടെ നിയമപരമായ പദവിയും സാമ്പത്തിക ബാധ്യതകളും തീർപ്പാക്കാതെ കമ്പനികൾ പ്രവർത്തനം നിർത്തുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യരുത്. കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് തൊഴിലാളികളുടെ വിസ, ആനുകൂല്യങ്ങൾ എന്നിവ പൂർണമായും തീർപ്പാക്കേണ്ട ബാധ്യത തൊഴിലുടമകൾക്കുണ്ട്.
- നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്തവരെ ജോലിക്കുവെക്കൽ
തൊഴിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രായപൂർത്തിയാകാത്തവരെ (മൈനർമാർ) ജോലിക്കെടുക്കുന്നത് കടുത്ത കുറ്റമാണ്. ഇതിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതമുണ്ടെങ്കിൽ പോലും നിയമലംഘനം സാധൂകരിക്കപ്പെടില്ല. പ്രായപരിധി, അനുവദനീയമായ തൊഴിൽ രീതികൾ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ കമ്പനികൾ കർശനമായി പാലിക്കണം.
യുഎഇയിലെ 12 തരം വർക്ക് പെർമിറ്റുകൾ
തൊഴിലിന്റെ സ്വഭാവത്തിനും തൊഴിലാളിയുടെ പദവിക്കും അനുയോജ്യമായ പെർമിറ്റ് തിരഞ്ഞെടുക്കാൻ കമ്പനികളോട് നിർദേശിച്ച മന്ത്രാലയം നിലവിലുള്ള 12 തരം വർക്ക് പെർമിറ്റുകൾ വ്യക്തമാക്കി
വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള പെർമിറ്റ്: രാജ്യത്തിന് പുറത്തുനിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരാൻ കമ്പനികൾക്ക് അനുമതി നൽകുന്നു.
ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: യുഎഇയിലെ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ മാറുന്ന പ്രവാസികൾക്കുള്ള പെർമിറ്റ്.
ഫാമിലി സ്പോൺസർഷിപ്പിലുള്ളവർക്കുള്ള പെർമിറ്റ്: കുടുംബത്തോടൊപ്പം താമസിക്കുന്ന ആശ്രിത വിസയിലുള്ളവരെ നിയമിക്കുന്നതിനുള്ള പെർമിറ്റ്.
താൽക്കാലിക വർക്ക് പെർമിറ്റ്: നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കേണ്ട പ്രത്യേക ജോലികൾക്കായി തൊഴിലാളികളെ നിയമിക്കാൻ.
മിഷൻ വർക്ക് പെർമിറ്റ്: ഒരു നിശ്ചിത പദ്ധതി പൂർത്തിയാക്കുന്നതിനായി വിദേശത്ത് നിന്ന് താൽക്കാലികമായി വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ.
പാർട്ട് ടൈം വർക്ക് പെർമിറ്റ്: മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ ഒന്നിലധികം സ്ഥാപനങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ സഹായിക്കുന്ന അനുമതി.
ജുവനൈൽ വർക്ക് പെർമിറ്റ്: വ്യവസ്ഥകൾക്ക് വിധേയമായി 15 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരെ നിയമിക്കാൻ.
വിദ്യാർത്ഥി പരിശീലന/തൊഴിൽ പെർമിറ്റ്: 15 വയസ്സ് തികഞ്ഞ യുഎഇയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനോ ജോലിക്കോ അവസരം നൽകാൻ.
യുഎഇ, ജിസിസി പൗരന്മാർക്കുള്ള പെർമിറ്റ് : സ്വദേശികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി നൽകാൻ.
ഗോൾഡൻ വിസ ഉടമകൾക്കുള്ള പെർമിറ്റ്: യുഎഇയിൽ ഗോൾഡൻ വിസയുള്ളവരെ സ്ഥാപനങ്ങളിൽ നിയമിക്കാൻ.
എമിറാത്തി ട്രെയിനി പെർമിറ്റ്: സ്വദേശി പൗരന്മാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കമ്പനികളിൽ പരിശീലനം നൽകാൻ.
പ്രൈവറ്റ് ട്യൂഷൻ പെർമിറ്റ്: വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നിയമപരമായി സ്വകാര്യ ട്യൂഷൻ നൽകാൻ യോഗ്യരായ അധ്യാപകർക്ക് നൽകുന്ന പെർമിറ്റ്.
തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നത് വഴി സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്നും, പിഴ നടപടികൾ ഒഴിവാക്കാൻ കൃത്യമായ പെർമിറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t