
അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ അമ്മയെയും അനുജനെയും നഷ്ടപ്പെട്ട വേദനയിൽ തളർന്ന് 22കാരിയായ അനുഷു ബിശ്വാസ്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ആഘാതത്തിനൊപ്പം അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പിതാവിന്റെ മാനസികാവസ്ഥയും കുടുംബത്തെ വേദനിപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അബുദാബി–അൽ ഐൻ റോഡിലുണ്ടായ അപകടത്തിലാണ് ബംഗ്ലാദേശ് സ്വദേശിനിയായ ഒഷിമ ചൗധരി (48), മകൻ ഒരിട്രോ ബിശ്വാസ് (15) എന്നിവർ മരിച്ചത്.
വെള്ളിയാഴ്ച അൽ ഐനിലെ അമുസ്ലിം സെമിത്തേരിയിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അനുഷു കുടുംബത്തിന്റെ തീരാദുഃഖം പങ്കുവെച്ചത്. ദുബായിലെ ഒരു സർവകലാശാലയിൽ സൈക്കോളജി നാലാം വർഷ വിദ്യാർഥിനിയാണ് അനുഷു.
കുടുംബം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് പിതാവ് സ്വരൂപ് കാന്തി ബിശ്വാസ് (59) ആയിരുന്നു. പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചതോടെ കുടുംബത്തിന്റെ വാഹനം പൂർണമായും തകർന്നു. അപകടത്തിൽ അമ്മയും അനുജനും മരിച്ചെങ്കിലും പിതാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. തലയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ചെറിയ നടുവേദന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ശാരീരികമായി സുഖമായെങ്കിലും പ്രിയപ്പെട്ടവരുടെ വേർപാട് അദ്ദേഹത്തെ മാനസികമായി തകർത്തിരിക്കുകയാണെന്ന് അനുഷു പറഞ്ഞു.
“ആരോഗ്യപരമായി അച്ഛന് കുഴപ്പമൊന്നുമില്ല. പക്ഷേ, മാനസികമായി അദ്ദേഹം തകർന്നിരിക്കുകയാണ്,” അനുഷു പറഞ്ഞു. അപകടത്തിനുശേഷം പഴയ കാര്യങ്ങൾ ഓർത്തെടുത്ത് അദ്ദേഹം നിരന്തരം കരയുകയാണ്. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിലും അപകടത്തിന് സ്വയം കുറ്റപ്പെടുത്തുന്ന അവസ്ഥയിലാണ് പിതാവെന്നും അവർ കൂട്ടിച്ചേർത്തു. പിതാവിന്റെ അതിജീവനത്തെ കുടുംബവും സുഹൃത്തുക്കളുമെല്ലാം അത്ഭുതമായാണ് കാണുന്നത്.
തന്റെ സ്വപ്നങ്ങൾക്ക് ദിശ നൽകിയ വ്യക്തിയായിരുന്നു അമ്മയെന്ന് അനുഷു ഓർമിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും കുടുംബത്തിനുവേണ്ടി വിശ്രമമില്ലാതെ അധ്വാനിച്ചിരുന്ന അമ്മ അബുദാബിയിലെ ഒരു ട്രാവൽ ഏജൻസിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഫ്യൂച്ചർ ലീഡേഴ്സ് ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അപകടത്തിൽ മരിച്ച ഒരിട്രോ. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചിരുന്ന അനുജന്റെ ഓർമകളാണ് ഇപ്പോൾ പിതാവിനെ വേട്ടയാടുന്നത്.
കുടുംബത്തിന്റെ തീരാനഷ്ടത്തിൽ പങ്കുചേരാൻ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 800-ലധികം പേരാണ് വെള്ളിയാഴ്ച അൽ ഐനിലെ സെമിത്തേരിയിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. അമ്മയുടെയും അനുജന്റെയും വിയോഗം സൃഷ്ടിച്ച ശൂന്യതയ്ക്കൊപ്പം, ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന പിതാവിനെ ചേർത്തുപിടിക്കുകയാണ് അനുഷുവും കുടുംബവും.