
കുറ്റകൃത്യം നടന്നതിന് ശേഷം തെളിവുകൾ തേടുന്നതിൽ മാത്രം ഒതുങ്ങാതെ, അപകടങ്ങളും സുരക്ഷാഭീഷണികളും മുൻകൂട്ടി തിരിച്ചറിയുന്ന പൊലീസിങ് സംവിധാനത്തിലേക്ക് ദുബായ് മാറുന്നു. 2040ഓടെ പൊലീസിങ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന 10 എഐ സാധ്യതകളാണ് ദുബായ് പൊലീസ് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ മുന്നോട്ടുവച്ചിരിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന പട്രോളിങ് സംവിധാനങ്ങൾ മുതൽ എഐ അധിഷ്ഠിത കുറ്റാന്വേഷണം വരെ ഭാവിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാകും. വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ അതിവേഗം വിശകലനം ചെയ്ത് ഭീഷണികളും അപകടസാധ്യതകളും നേരത്തെ കണ്ടെത്താൻ എഐയെ ഉപയോഗിക്കാനാണ് പദ്ധതി.
സങ്കീർണമായ കേസുകളിൽ ലഭിക്കുന്ന വിവരങ്ങളും തെളിവുകളും പരിശോധിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും നിർമിത ബുദ്ധിയുടെ ശേഷി പ്രയോജനപ്പെടുത്തും. മനുഷ്യ ഉദ്യോഗസ്ഥരുടെ അനുഭവവും എഐയുടെ വിശകലന ശേഷിയും സംയോജിപ്പിച്ചായിരിക്കും ഭാവിയിലെ പല പൊലീസ് പ്രവർത്തനങ്ങളും. സ്വയം പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ, സങ്കൽപിത സാഹചര്യങ്ങൾ സൃഷ്ടിച്ച് ഭീഷണികളെ നേരിടാനുള്ള പരിശീലനം, പുതിയ സൈബർ ആക്രമണങ്ങൾക്കനുസരിച്ച് സ്വയം പൊരുത്തപ്പെടുന്ന പ്രതിരോധ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഒന്നിലധികം എഐ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സങ്കീർണമായ സുരക്ഷാ ജോലികൾ നിർവഹിക്കാനും ലക്ഷ്യമിടുന്നു.
പൊലീസ് സേവനങ്ങൾ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ കൃത്യമായി നൽകാനും എഐ സഹായിക്കും. വിവരങ്ങൾ വിശകലനം ചെയ്യുന്നതിലും ജോലി വിഭജിക്കുന്നതിലും തീരുമാനമെടുക്കുന്നതിലുമെല്ലാം സാങ്കേതികവിദ്യയുടെ പങ്ക് വർധിക്കും. അതേസമയം, അതിവേഗം മാറുന്ന സാങ്കേതികവിദ്യകൾക്കനുസരിച്ച് പൊലീസ് സേനയെ സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് ദുബായ് പൊലീസ് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ അധികൃതർ വ്യക്തമാക്കി. 2030ഓടെ എഐയും വിവരസംസ്കരണ സാങ്കേതികവിദ്യകളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നതായി അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t