
താമസക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുന്ന അഞ്ച് പ്രധാന നിയമ-നിയന്ത്രണ മാറ്റങ്ങളാണ് ഒക്ടോബറിൽ യുഎഇയിൽ നിലവിൽ വന്നത്. നിയമലംഘനങ്ങൾ മൂലമുള്ള പിഴകളും മറ്റ് നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ പുതിയ വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
1. ആത്മഹത്യാശ്രമത്തിന് ക്രിമിനൽ ശിക്ഷ ഒഴിവാക്കി
മാനസിക പ്രതിസന്ധി നേരിടുന്നവർക്ക് ശിക്ഷാഭയം കൂടാതെ സഹായം തേടാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ആത്മഹത്യാശ്രമത്തിനുള്ള ക്രിമിനൽ ശിക്ഷ ഒഴിവാക്കി. എന്നാൽ മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.
2. സ്കൂളുകളിലെ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം
അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ പങ്കുവയ്ക്കുന്നതും സംബന്ധിച്ച് കർശന നിയന്ത്രണങ്ങളുണ്ട്. സ്വകാര്യതാ ലംഘനങ്ങൾക്ക് സൈബർ കുറ്റകൃത്യ നിയമപ്രകാരം തടവും 150,000 മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
3. പാക്കറ്റ് ഭക്ഷണത്തിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്ക് പരിധി
ബ്രെഡ്, മധുരമുള്ള പാൽ പാനീയങ്ങൾ, ലബാൻ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച ചീസ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന വ്യവസ്ഥകൾ നടപ്പാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 മുതൽ 500,000 ദിർഹം വരെ പിഴയും ബിസിനസ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം.
4. ഇ-ഇൻവോയ്സിങ് സേവനദാതാക്കൾക്ക് പുതുക്കിയ അംഗീകാര ചട്ടക്കൂട്
ഇലക്ട്രോണിക് ഇൻവോയ്സിങ് സേവനദാതാക്കൾക്കുള്ള അംഗീകാര നടപടികളിൽ യുഎഇ ധനകാര്യ മന്ത്രാലയം പുതുക്കിയ വ്യവസ്ഥകൾ കൊണ്ടുവന്നു. പ്രാഥമിക അംഗീകാരം ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കണം.
5. ദുബൈയിൽ ഷെയേർഡ് ഹൗസിങ്ങിന് പുതിയ നിയന്ത്രണങ്ങൾ
പങ്കിട്ട താമസസൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ ദുബൈയിൽ നിലവിൽ വന്നു. ചില പ്രധാന മേഖലകളിൽ വ്യക്തിഗത ഷെയേർഡ് ഹൗസിങ് ക്രമീകരണങ്ങൾക്ക് നിയന്ത്രണമുണ്ട്. താമസക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥലസൗകര്യം, കുളിമുറികളുടെ ലഭ്യത തുടങ്ങിയവയിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
പുതിയ നിയമങ്ങൾ വ്യക്തികളുടെ ദൈനംദിന ജീവിതത്തെയും ബിസിനസ് പ്രവർത്തനങ്ങളെയും ബാധിക്കാനിടയുള്ളതിനാൽ, താമസക്കാരും സ്ഥാപനങ്ങളും തങ്ങൾക്ക് ബാധകമായ വ്യവസ്ഥകൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.