
മരണശേഷവും മകന്റെ വളർച്ചയിലും ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലും തന്റെ കാഴ്ചപ്പാടുകൾക്ക് ഇടം ലഭിക്കണം. ഇതിനായി വിൽപത്രത്തിൽ ChatGPTയുടെ സഹായം ഉൾപ്പെടുത്താനുള്ള വ്യത്യസ്തമായ നീക്കവുമായി അബുദാബിയിലെ ഒരു മാതാവ്. മകന്റെ വിദ്യാഭ്യാസം, ചികിത്സ, മതപരമായ വളർച്ച, താമസസ്ഥലം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിർദിഷ്ട എഐ സംവിധാനത്തിന്റെ ഉപദേശം തേടണമെന്നാണ് നിർദേശിക്കുന്ന കരട് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. ‘ലിവിങ് വിഷസ് പ്രോട്ടോക്കോൾ’ എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. എന്നാൽ, കുട്ടിയുടെ നിയമപരമായ രക്ഷാകർതൃ ചുമതല എഐക്ക് കൈമാറുകയല്ല ഈ നീക്കത്തിന്റെ ലക്ഷ്യം. മാതാവിന്റെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, മകനെക്കുറിച്ചുള്ള പ്രതീക്ഷകൾ, രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ രേഖപ്പെടുത്തിയ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ ഉപദേശം നൽകുക മാത്രമാണ് ChatGPTയുടെ ചുമതല. തീരുമാനങ്ങളുടെ അന്തിമ ഉത്തരവാദിത്തം മനുഷ്യരായ രക്ഷാകർത്താക്കൾക്കായിരിക്കും. എക്സ്പാട്രിയേറ്റ് ലോ എന്ന നിയമസ്ഥാപനമാണ് വിൽപത്രത്തിന്റെ കരട് തയ്യാറാക്കിയത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ ഇത് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട ബൈറൺ ജെയിംസ് ഖലീജ് ടൈംസിനോട് പറഞ്ഞു. അതേസമയം, കരട് ഇതുവരെ രജിസ്റ്റർ ചെയ്യുകയോ കോടതി അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഇതിന്റെ നിയമപരമായ സാധുതയും പ്രായോഗിക അംഗീകാരവും ഉറപ്പായിട്ടില്ല.
വിദ്യാഭ്യാസം മുതൽ മതപരമായ വളർച്ച വരെ എഐയുടെ ഉപദേശം
മകൻ ഏത് സ്കൂളിൽ പഠിക്കണം, എന്ത് വിദ്യാഭ്യാസരീതി തിരഞ്ഞെടുക്കണം, ഏത് നഗരത്തിലോ രാജ്യത്തിലോ താമസിക്കണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് എഐയുടെ അഭിപ്രായം തേടണമെന്നാണ് നിർദേശം. അടിയന്തരമല്ലാത്ത വൈദ്യചികിത്സ, മാനസികാരോഗ്യ പരിചരണം, മതപരമായ വളർച്ച, മാതാവിന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മാതാവിന്റെ താൽപര്യങ്ങളും മൂല്യങ്ങളും വിശദീകരിക്കുന്ന ‘ലിവിങ് വിഷസ് റെക്കോർഡ്’ എന്ന രേഖയും പ്രസക്തമായ സാഹചര്യങ്ങളുടെ വിവരങ്ങളും എഐക്ക് നൽകും. എന്നാൽ, മാതാവിന്റെ പേരിൽ സംസാരിക്കാനോ അവർ ജീവിച്ചിരുന്നെങ്കിൽ ഒരു പ്രത്യേക തീരുമാനമെടുക്കുമായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനോ സംവിധാനത്തെ അനുവദിക്കില്ല.മകൻ വളരുന്നതിനനുസരിച്ച് അവന്റെ സ്വന്തം അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും കരട് വ്യക്തമാക്കുന്നു. 18 വയസ്സ് തികയുന്നതുവരെ വർഷത്തിലൊരിക്കൽ വിദ്യാഭ്യാസം, ആരോഗ്യം, സന്തോഷം, സൗഹൃദങ്ങൾ, താൽപര്യങ്ങൾ, മാറിവരുന്ന ആവശ്യങ്ങൾ എന്നിവ വിലയിരുത്തും. പ്രായത്തിനും പക്വതയ്ക്കും അനുസരിച്ച് കുട്ടിയെയും ഈ പ്രക്രിയയിൽ പങ്കാളിയാക്കും.
അടിയന്തര തീരുമാനങ്ങളിൽ എഐ നിർബന്ധമല്ല
കുട്ടിയുടെ ജീവൻ, ആരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കാൻ ഉടൻ തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതില്ല. നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും വിരുദ്ധമായ തീരുമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാകില്ല. എഐയുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ പേരിൽ മാത്രം രക്ഷാകർത്താവിന്റെ നിയമപരമായ അധികാരത്തിനോ തീരുമാനത്തിന്റെ സാധുതയ്ക്കോ മാറ്റമുണ്ടാകില്ലെന്നും കരട് വ്യക്തമാക്കുന്നു. എഐയുമായി നടത്തിയ പ്രധാന ചർച്ചകൾ, ചോദിച്ച ചോദ്യങ്ങൾ, ലഭിച്ച മറുപടികൾ, തുടർന്ന് സ്വീകരിച്ച തീരുമാനങ്ങൾ എന്നിവയുടെ രഹസ്യരേഖകൾ സൂക്ഷിക്കാനും നിർദേശമുണ്ട്. എഐയുടെ ഉപദേശത്തിൽനിന്ന് വ്യത്യസ്തമായ തീരുമാനമെടുക്കുന്ന സാഹചര്യത്തിൽ അതിന്റെ കാരണങ്ങളും രേഖപ്പെടുത്തണം.
കുട്ടിയുടെ സ്വകാര്യതയും പ്രധാന ആശങ്ക
കുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ എഐ സംവിധാനങ്ങളുമായി പങ്കിടുന്നത് സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ട്. മാതാവിന്റെ ആഗ്രഹങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കണം, അവ ആർക്കൊക്കെ ലഭ്യമാക്കാം, എഐ സേവനദാതാവുമായി ഏതൊക്കെ വിവരങ്ങൾ പങ്കിടാം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബൈറൺ ജെയിംസ് ചൂണ്ടിക്കാട്ടി. ദീർഘകാലം നിലനിൽക്കേണ്ട ഇത്തരം ക്രമീകരണങ്ങൾ ഒരു പ്രത്യേക അക്കൗണ്ടിനെയോ സോഫ്റ്റ്വെയറിന്റെ പ്രത്യേക പതിപ്പിനെയോ മാത്രം ആശ്രയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ സ്വകാര്യത, ക്ഷേമം, വളരുന്നതിനനുസരിച്ച് കൈവരിക്കുന്ന സ്വാതന്ത്ര്യം എന്നിവയ്ക്കായിരിക്കണം മുൻഗണന.
നിലവിലെ വിൽപത്രം ചർച്ചയ്ക്കായി തയ്യാറാക്കിയ കരട് മാത്രമാണ്. നിയമപരിശോധനയ്ക്കും അധികൃതരുടെ അഭിപ്രായങ്ങൾക്കും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. സമാന വ്യവസ്ഥകളുള്ള മറ്റൊരു രജിസ്റ്റർ ചെയ്ത വിൽപത്രത്തെക്കുറിച്ച് അറിവില്ലെന്ന് നിയമസ്ഥാപനം അറിയിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് അവകാശപ്പെട്ടിട്ടില്ല.മാതാപിതാവിന്റെ മരണശേഷവും അവരുടെ മൂല്യങ്ങളും ആഗ്രഹങ്ങളും കുട്ടിയുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിൽ പ്രതിഫലിക്കണമെന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം, കുടുംബനിയമത്തിലും എഐയുടെ ഉപയോഗത്തിലും പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.